Sunday, October 27, 2019

സ്വന്തം ഫാം ഹൌസിൽ സർപ്രൈസ് പാർട്ടി തന്നു ഞെട്ടിച്ച ലക്ഷപ്രഭു ആയ അർമേനിയൻ ടാക്സി ഡ്രൈവർ !!


ഓരോ അർമേനിയൻ യാത്രയും എനിക്ക് തരുന്നത് തികച്ചും അവിശ്വസനീയവും അവിസ്മരണീയവുമായ ഓർമകളാണ് !!

ഇപ്രാവശ്യത്തെ അർമേനിയൻ യാത്ര വെറും ടൂറിസം ബിസിനസിന് വേണ്ടി മാത്രമല്ല, എന്റെ ഫൈനൽ ഇയർ എൽ എൽ ബി കോഴ്‌സിന്റെ ഭാഗമായ ഇന്റേൺഷിപ്പ് ചെയ്യാൻ കൂടിയാണ്, രണ്ടു മാസത്തെ  ഇന്റേൺഷിപ് ചെയ്യുന്നതിന് വേണ്ടി യെർവാനിലെ ഒരു കമ്പനിയിൽ (Law Firm) എനിക്ക് അപ്പ്രൂവൽ കിട്ടിയിരുന്നു ,, അതനുസരിച്ചു സെപ്റ്റംബർ പതിനാറാം തീയതി തന്നെ ഞാൻ കമ്പനിയിൽ എത്തി ജോയിൻ ചെയ്തു ,,

പ്രധാനമായും ഞാൻ Law റിസർച്ച് സെക്ഷനിൽ ആണ് വർക്ക് ചെയ്യുന്നത് , അതനുസരിച്ചു റിസർച്ച് പേപ്പറുകൾ സമയാ സമയങ്ങളിൽ സമർപ്പിക്കണം,

കാര്യങ്ങൾ എല്ലാം കുഴപ്പമില്ലാതെ നടന്നു പോകുന്നു, കമ്പനി ഡയറക്ടർ ബോർഡും മറ്റു സ്റ്റാഫുകളും എന്റെ ജോലിയിൽ സംതൃപ്തരുമാണ് ..

അങ്ങനെയിരിക്കെ ഇന്ത്യയിൽ നിന്നും എന്റെ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി അർമേനിയയിൽ എത്തി, ഇദ്ദേഹം ഒരു യുവ കർഷകനാണ്, ഉത്തർ പ്രദേശിൽ സ്വന്തമായി ഫാർമിംഗ് സംരംഭങ്ങളൊക്കെ ഉണ്ട് ,, പേര് തുഷാർ,
തുഷാർ അർമേനിയയിൽ തന്റെ ഒരു ബന്ധുവിന് വേണ്ടി ചില ഡോക്യൂമെന്റുകൾ എത്തിക്കാൻ വേണ്ടിയാണു വന്നത് ,

താമസം എന്റെയും സുഹൃത്തുക്കളുടെയും കൂടെ അപ്പാർട് മെന്റിൽ , എന്റെ തിരക്ക് കാരണം തുഷാറിനെയും കൂട്ടി പുറത്തെങ്ങും കറങ്ങാൻ സാധിച്ചില്ല ,,

വീട്ടിലിരുന്നു മുഷിഞ്ഞ തുഷാറിന്റെ അപേക്ഷ കണക്കിലെടുത്തു പുറത്തൊന്നു കറങ്ങാം എന്ന് ഞാനും തീരുമാനിച്ചു

പതിവുപോലെ ഔട്ടിങ്ങിനായി തയ്യാറായി ഞാൻ ഫോണിൽ ടാക്സി ബുക്ക് ചെയ്തു , ടാക്സി എത്തി ഡ്രൈവർ ഫോൺ ചെയ്തു,,  ഞാനും തുഷാറും ലിഫ്റ്റിൽ കയറി താഴെയെത്തി ,

താഴെ ഡ്രൈവറും കാറും കാത്തു കിടപ്പുണ്ട്, ഒരു പഴയ സിൽവർ കളർ മെർസിഡെൻസ് ബെൻസ് ഇ ക്ലാസ് കാർ ആണ്, ഡ്രൈവർ മുടി പറ്റവെട്ടി, സുമുഖനായ ചുറുചുറുക്കുള്ള ഒരു അർമേനിയക്കാരൻ, ഏകദേശം നാൽപതു വയസ് പ്രായം വരും

ഞങ്ങൾ രണ്ടു പേരും കാറിന്റെ പിൻസീറ്റിൽ കയറി ഇരുന്നു, ഇന്ന് ഞങ്ങൾക്ക് അർമേനിയൻ ടൂറിനു പോണം അതിനാൽ ഖോർ വിരിപ്പും , വകർഷപതും കണ്ടു തിരിച്ചു വരാം എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു

ഒന്ന് രണ്ടു സെക്കന്റ് ആലോചിച്ച ശേഷം ഡ്രൈവർ പറഞ്ഞു , ഖോർ വിറപ് ഒഴിവാക്കി ഗാർണിയും ഗഗാർഡും കാണാം, കാരണം നമുക്ക് വകര്ഷപതിനോടൊപ്പം ഇവയും  ഒരേ റൂട്ടിൽ പൂർത്തിയാക്കാം അതിനാൽ സമയവും ദൂരവും ലാഭിക്കും,, ഞാനും ഡ്രൈവറുടെ അഭിപ്രായം അംഗീകരിച്ചു

അങ്ങനെ, ആദ്യമായി അർമേനിയയിൽ എത്തിയ തുഷാറിന് വേണ്ടി അർമേനിയൻ ടൂർ ആരംഭിച്ചു

യാത്ര വളരെ രസകരമായിരുന്നു, എങ്ങും ഒരു ബുദ്ധിമുട്ടും നേരിട്ടില്ല, എല്ലായിടത്തും നമ്മുടെ ഡ്രൈവർ ഇടിച്ചുകേറി കാര്യങ്ങൾ ലളിതമായി സാധിച്ചെടുക്കും , എങ്ങും കാത്തുനിൽകേണ്ടി വന്നില്ല

പതിയെ പതിയെ നമ്മൾ നല്ല സുഹൃത്തുക്കളായി, നമ്മുടെ ഡ്രൈവറുടെ പേര്, എഡ്‌ഗാർ , എഡോ എന്ന് വിളിക്കും ,, കക്ഷി അർമേനിയൻ സൈന്യത്തിൽ പട്ടാളക്കാരനായിരുന്നു ഇപ്പോൾ ബിസിനസ് ചെയ്യുന്നു , ഈ അടുത്താണ് വിവാഹം കഴിച്ചത്, ഭാര്യ അമേരിക്കയിൽ ജോലി ചെയ്യുന്നു , ഇപ്പോൾ അർമേനിയയിൽ അവധി ആഘോഷിക്കാനായി എത്തിയിട്ടുണ്ട് ,

സംസാര മദ്ധ്യേ എഡ്‌ഗാർ പറഞ്ഞു എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഉണ്ട് നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി ഞാൻ സഹായിക്കാം ,,

അപ്പോഴേക്കും അർമേനിയയുമായി പ്രണയത്തിലായി കഴിഞ്ഞ തുഷാർ ഒന്നും ആലോചിക്കാതെ ആവേശത്തോടെ ചോദിച്ചു, എനിക്കൊരു അഗ്രികൾച്ചറൽ ഫാം കാണണമെന്നുണ്ട് , കഴിയുമെങ്കിൽ ഒരു ഓർഗാനിക് ഫാം, തുഷാർ ഏകദേശം തന്റെ കാർഷിക വൃത്തി അർമേനിയിലേയ്ക്ക് വ്യാപിപ്പിയ്ക്കാൻ തീരുമാനിച്ചു ഉറപ്പിച്ച പോലെയായിരുന്നു .

മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ എഡ്ഗാർ പറഞ്ഞു, കുഴപ്പമില്ല നാളെ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ നമുക്ക് ഒരു ഫാം സന്ദർശിക്കാം.

വകർഷപാത് കണ്ടു ഗാർണിയിലേയ്ക്ക് പോകും വഴി യെർവാൻ സിറ്റിയിലെത്തി എഡ്ഗാർ കാർ ഒരു അപ്പാർട് മെന്റിന്റെ താഴെ കൊണ്ട്  നിർത്തി എന്നിട്ടു ഞങ്ങളോട് പറഞ്ഞു ഒരഞ്ചു മിനിറ്റു വെയിറ്റ് ചെയ്യൂ,

 ഒരു അപ്പാർട് മെന്റിന്റെ കച്ചവടമാണ്, സംസാരിച്ചിട്ട് ഇപ്പോൾ വരാം, എന്നിട്ടു ആ കെട്ടിടത്തിലേക്ക് കയറിപ്പോയി, എനിക്കും അതുപോലെ തുഷാറിനും ചെറുതായി ദേഷ്യം തോന്നി, ഞങ്ങൾ ടൂറിനു വിളിച്ച ഡ്രൈവർ അയാളുടെ ബിസിനെസ്സിനായി ഞങ്ങളെ വെയിറ്റ് ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ ,, എങ്കിലും ഞങ്ങൾ രണ്ടുപേരും ആ ദേഷ്യം പുറത്തു കാണിച്ചില്ല.

അന്ന് വൈകുന്നേരം ആയപ്പോഴേയ്ക്കും ഗാർണിയും ഗെഗാർഡും ഒക്കെ കാണിച്ചു എഡ്ഗാർ നമ്മളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അതോടൊപ്പം നാളെ ഉച്ചയോടു കൂടി റെഡി ആയി നിൽക്കാൻ ഓർമിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം പറഞ്ഞുറപ്പിച്ച പോലെ ഉച്ചക്ക് കൃത്യം ഒരു മണിയോടുകൂടി എഡ്‌ഗാറിന്റെ ഫോൺ വന്നു, താൻ അപ്പാർട് മെന്റിന്റെ താഴെ എത്തിയിട്ടുണ്ട്, വേഗം താഴേക്ക് വരാൻ.

ഞാനും തുഷാറും റെഡി ആയി പതിയെ താഴെ എത്തി, കാറിൽ കയറുമ്പോൾ അതാ കാറിൽ എഡ്‌ഗാറിന്റെ ഭാര്യയുമുണ്ട്, അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും , വളരെ പെട്ടന്ന് തന്നെ ഞങ്ങളെല്ലാവരും സുഹൃത്തുക്കളെ പോലെയായി,

കാർ യെർവാൻ സിറ്റിയുടെ പുറത്തെത്തി, എഡ്ഗാർ സെവാൻ ലേക്കിന്റെ ദിശയിലേക്കുള്ള ഹൈവെയിലൂടെ കാർ പായിച്ചു വിടുകയാണ്. എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾ ചോദിച്ചതുമില്ല എഡ്ഗാർ പറഞ്ഞതുമില്ല,

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാർ ഒരു ഫാം ഹൌ സിന്റെ മുന്നിലെത്തി നിന്നു, എഡ്ഗാർ ചാവിയെടുത്തു ഗേറ്റ് തുറന്നു, കയറിച്ചെന്നത് ഒരു കുഞ്ഞു ബംഗ്ലാവിന്റെ മുറ്റത്തേയ്ക്ക്, വീടിനു ചുറ്റും ആപ്പിൾ, ആപ്രിക്കോട്ട്, വാൾനട്ട്, തുടങ്ങിയ വിവിധതരം ഫല വൃക്ഷങ്ങൾ, ബംഗ്ലാവിന്റെ പിറകിലായി ബാർബിക്യു ചെയ്യാനുള്ള വലിയ അടുപ്പു, അതിനു പിറകിലായി വിശാലമായ സ്‌ട്രാബെറി, ആപ്പിൾ, ആപ്രികോട് കൃഷിയിടം.

എഡ്‌ഗാറിന്റെ ഭാര്യ അപ്പോഴേക്കും അർമേനിയൻ കോഫിയും, കുറച്ചു വാൾനട്ടും, ചോകൊലെറ്റുകളുമായി നമ്മളുടെ അടുത്തേയ്ക്കു വന്നു, മുറ്റത്തു നിൽക്കുന്ന ഒരു ആപ്പിൾ ചെടിയുടെ കീഴിൽ ഇട്ടിരിക്കുന്ന കസേരകളിലായി ഞങ്ങൾ ഇരുന്നു, കോഫി കുടിക്കാൻ തുടങ്ങി,

ഇത്രയും ആയപ്പോഴേയ്ക്കും ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, ഈ വീടും പുരയിടവും ഒക്കെ വേറെ ആരുടേതുമല്ല, എഡ്‌ഗാറിന്റെ സ്വന്തമാണ്,

അതുപോലെ തന്നെ ഇന്നലെ ഇടയ്ക്കു നിർത്തി കയറിപ്പോയ യെർവാനിലെ അപ്പാർട് മെന്റ് മറ്റാർക്കും വേണ്ടി വിൽക്കാനല്ലായിരുന്നു , എഡ്ഗാറിനും ഭാര്യയ്ക്കും സ്വന്തമായി മേടിക്കാൻ വേണ്ടി ആയിരുന്നു, അതിന്റെ കച്ചവടം നടത്തി പൈസയും നൽകി വരുന്ന വഴിക്കാണ് എന്നെയും തുഷാറിനെയും കൂടെ കൂട്ടിയത്, ഇന്ന് എഡ്ഗാർ മേടിച്ച അപാർട്മെന്റിന്റെ വില ഒരു ലക്ഷത്തി ഇരുപതിനായിരം യു എസ് ഡോളർ (ഏകദേശം എൺപത്തിനാല് ലക്ഷം രൂപ)

ചായസൽക്കാരം നടക്കുന്നതിനിടയിൽ എഡ്ഗാർ ബാർബിക്യു അടുപ്പിനു തീകൊളുത്തി, യെർവാനിൽ നിന്നും വാങ്ങി കൊണ്ടുവന്ന പോർക്കും, മഷ്‌റൂമും ഒക്കെ ബാർബിക്യു ചെയ്യാനായി തയ്യാറാക്കി, കൂടെ ഹോം മെയ്‌ഡ്‌ ആപ്പിൾ വോഡ്‌കയും .

തണുത്ത കാറ്റ് വീശുന്ന ഈ തെളിഞ്ഞ സായാഹ്നത്തിൽ, അർമേനിയയിലെ ഒരു ഫാം ഹൌ സിന്റെ മുറ്റത്തു ആപ്പിൾ മരത്തിന്റെ ചോട്ടിൽ ലക്ഷ പ്രഭുവായ  അർമേനിയൻ ടാക്സിക്കാരന്റെ അതിഥികളായി ആപ്പിൾ വോഡ്കയും, പോർക്ക് ബാർബിക്യുവും വാൾനട്ടും ചോക്‌ലേറ്റുമൊക്കെയായി അവിസ്മരണീയമായ ഒരു സായാഹ്നം പങ്കിടുമ്പോൾ, ഞാനും തുഷാറും അത്ഭുതവും ജാള്യതയും മറയ്ക്കാൻ ഒരുപാടു കഷ്ടപ്പെടുന്നുണ്ടായിരുന്നു .











No comments:

Post a Comment