Monday, February 18, 2019

അത്ഭുതപെടുത്തിയ അർമേനിയയിലെ ഗുഹാഗ്രാമം "ഖൻഡ്‌സോറസ്‌ക്"

വെളിപ്പിന് കൃത്യം ആറരയ്ക്ക് തന്നെ ഫോണിൽ നിന്നും അലാറം മുഴങ്ങി, ഉറക്കചെവിടോടെ ഞാൻ ബ്ലാങ്കറ്റിൽ നിന്നും തല പുറത്തേക്കിട്ടു, ഫോണെടുത്തു അലാറം ഓഫ് ചെയ്തു ,, പാതി തുറന്നിട്ട ജനാലയിൽ നിന്നും നല്ല സൂര്യ പ്രകാശവും അതോടൊപ്പം തണുത്ത കാറ്റും മുറിയിലേയ്ക്കു അരിച്ചിറങ്ങുന്ന,, ഏഴരയ്ക്ക് തന്നെ എത്തി റിപ്പോർട്ട് ചെയ്യണം എന്ന കർക്കശ നിർദേശമാണ് ടൂർ കമ്പനിയിൽ നിന്നും നൽകിയിരിക്കുന്നത് ,,

ഇന്നെന്തായാലും സമയത്തു തന്നെ എത്തണം, ഞാൻ വെപ്രാളപ്പെട്ട് തയ്യാറായി ,, കിച്ചണിലെത്തി കെറ്റിൽ ചൂടാക്കി ഒരു കാപ്പിയിട്ടു , അത് കുടിക്കുന്നതിനുള്ളിൽ  കാമറയും, ഫോണും പേഴ്‌സുമൊക്കെ എടുത്തു ഷോൾഡർ ബാഗിൽ വെച്ച്, ഫോണിൽ ടാക്സി ബുക്ക് ചെയ്തു, തിരക്കിട്ടു പുറത്തേക്കിറങ്ങുന്നതിനിടയിൽ, സുഹൃത്തും കസിനുമായ അനീജിനെ വിളിച്ചു വാതിലടച്ചേയ്ക്കാൻ പറഞ്ഞു ,,

ധൃതിയിൽ ലിഫ്റ്റിൽ കയറി താഴെ എത്തിയപ്പോഴേയ്ക്കും ടാക്സി എനിക്കായി കാത്തു കിടപ്പുണ്ട് ,,

ടാക്സിക്കാരൻ പതിവുപോലെ അർമേനിയൻ ഭാഷയിൽ എന്തോ ചോദിച്ചു , ഭാഷ മനസ്സിലായില്ല എങ്കിലും ചോദിച്ചത് എന്താണ് എന്ന് ഞാൻ ഊഹിച്ചു ,, ഉടൻ തന്നെ ടൂർ കമ്പനി തന്ന ബുക്കിംഗ് സ്ലിപ് ഞാൻ ടാക്സി ഡ്രൈവറെ കാണിച്ചു , അതിൽ കുറിച്ചിരുന്നു ലൊകേഷനിൽ പോണം എന്ന് ഞാൻ ആംഗ്യഭാഷയിലും അറിയാവുന്ന റഷ്യൻ ഭാഷയിലും പറഞ്ഞു മനസ്സിലാക്കി ,, ചിരി വിടർന്ന മുഖവുമായി ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി ...

ഞാൻ ഇപ്പോൾ അർമേനിയയിലാണ്‌ ,, നോഹയുടെ വിശുദ്ധ ഭൂമി ,, ലോകത്തിലെ ഏറ്റവും സുന്ദരിമാരായ പെൺകുട്ടികളുടെ നാട്, ആപ്രികോട് എന്ന പഴം ഉത്ഭവിച്ച രാജ്യം, ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ മയക്കിയ കൊണ്ണിയാക്കിന്റെ സ്വന്തം നാട് ,,,

അർമേനിയിൽ കാലുകുത്തിയിട്ടു ഇന്നേക്ക് നാല് നാൾ ആയി, ഒരു സുഹൃത്തുമായി അദ്ദേഹത്തിന്റെ മകന്റെ ബിരുദ ദാന ചടങ്ങിനായി ബൾഗേറിയയിൽ പോയി അവിടെനിന്നും ഏഥൻസ് വഴിയാണ് അർമേനിയയിൽ എത്തിയത്, ഇവിടെ സിറ്റിയിൽ കസിന്റെ കമ്പനി വക അപ്പാർട്ട് മെൻറ്റിൽ താമസം,, കസിനും സുഹൃത്തുക്കളും  എരവനിലെ ഒരു മെഡിക്കൽ കോളേജിന്റെ സഹ നിക്ഷേപകരാണ്, ഇന്ത്യയിൽ നിന്നും ഒരുപാടു കുട്ടികൾ ഈ കോളേജുകളിൽ എം ബി ബി എസ് പഠിക്കാനായി വരുന്നുണ്ട്

എൻറെ അർമേനിയൻ യാത്രയുടെ ലക്‌ഷ്യം വെറും സഞ്ചാരം മാത്രമല്ല , എൻറെ ടൂറിസം വ്യവസായം അർമേനിയയിൽ വ്യാപിപ്പിക്കുവാനുള്ള പ്രാരംഭ നടപടി കൂടെയാണ്

കഴിഞ്ഞ നാല് ദിവസമായി തിരക്കിട്ട ചർച്ചകളും മീറ്റിംഗുകളും എഗ്രിമെന്റ് ഒപ്പിടലും, രാത്രി വൈകി ഡിന്നറും, ക്ലബ് പാർട്ടികളുമായി ദിവസങ്ങൾ പോയതറിഞ്ഞില്ല...

ശരിക്കും അർമേനിയയുടെ ആത്മാവിലേക്കിറങ്ങി സഞ്ചരിക്കാൻ .., അർമേനിയയുടെ ചരിത്ര പ്രൗഢിയും സംസ്കാരവും ജീവിത രീതികളും പ്രകൃതി മനോഹാരിതകളും അത്ഭുതങ്ങളും നേരിട്ടറിയാനും സമയം കിട്ടിയതേയില്ല.

എന്തായാലും ഇന്നുമുതൽ തുടങ്ങുകയായി,,

ഇന്ന് അർമേനിയയുടെ കിഴക്കൻ അതിർത്തിയിലേക്കാണ് യാത്ര, "തതേവ്‌ മൊണാസ്‌ട്രി" കാണാൻ,

ഞാൻ നിൽക്കുന്ന അർമേനിയയുടെ തലസ്ഥാന നഗരമായ യെരേവൻ സിറ്റിയിൽ നിന്നും  ഏകദേശം അഞ്ചുമണിക്കൂറോളം യാത്രചെയ്തുവേണം തതെവിൽ എത്താൻ

ഓരോരോ കാര്യങ്ങൾ ഓർത്തിരുന്നു ടൂർ ഡിപ്പാർച്ചർ പോയിന്റിൽ എത്തിയതറിഞ്ഞില്ല, ഡ്രൈവർക്കു പൈസയും കൊടുത്തു ടാക്സിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി , കുറച്ചു മാറി ഒന്നുരണ്ടു മിനിബസ്സുകളും കുറച്ചാൾക്കാരും കൂടിനിൽക്കുന്നു, അങ്ങോട്ടേയ്ക്ക് നടന്നു, അടുത്തെത്തിയപ്പോഴേ മനസ്സിലായി ഇത് ഞാൻ ബുക്ക് ചെയ്ത കമ്പനിയുടെ വണ്ടികൾ തന്നെ,

ടൂർ ഗൈഡ് ഒരു റഷ്യൻ പെൺകുട്ടിയാണ്, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്, ബുക്കിംഗ് ലിസ്റ്റിൽ എൻറെ പേര് ഉണ്ടെന്നു ഉറപ്പുവരുത്തി ടൂർ ഗൈഡ് എനിക്കൊരു കാർഡ് നൽകി, അത് അവരുടെ കമ്പനിയുടെ ഒരു ഓഫർ കാർഡ് ആണ് ,, അപ്പോഴും ആൾകാർ വന്നുകൊണ്ടിരിക്കുന്നുണ്ട് ,, ഇനിയും പത്തു പതിനഞ്ചു മിനിട്ടുണ്ട് യാത്ര തുടങ്ങാൻ, എനിക്കാണെങ്കിൽ നന്നായി വിശക്കുന്നുമുണ്ട് ,,

അടുത്തെങ്ങാനും വല്ലതും കഴിക്കാൻ കിട്ടുമോ എന്നതായി എൻറെ ചിന്ത, നേരെ മുന്നിൽ കാണുന്ന പാർക്കിൽ ഒരു റെസ്റ്റോറന്റ് ഉണ്ട് പക്ഷെ അത് തുറന്നിട്ടില്ല, കുറച്ചു മുന്നോട്ടു നടന്നു അവിടെ ചെറിയ പെട്ടിക്കട കണ്ടു, പെട്ടിക്കടയാണെങ്കിലും സിഗരറ്റും, മദ്യവും തുടങ്ങി ചോക്ലേറ്റും കെയ്ക്കും, ബേക്കറി വിഭവങ്ങളും ഒക്കെ ഉണ്ട്,

ഞാൻ ഒരു കോഫി കൂടി കുടിക്കാം എന്നുറപ്പിച്ചു കൂടെ രണ്ടു 'പിരോഷ്‌കി' യും ഓർഡർ ചെയ്തു, പിരോഷ്‌കി എന്നത് എൻറെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്, സാധാരണ മധേഷ്യൻ രാജ്യ യാത്രകളിൽ മിക്കപ്പോഴും പിരോഷ്‌കി യാണ് പ്രാതലിനു വിധേയമാകാറുള്ളത്, പിരോഷ്‌കി സാധാരണയായി ലഭിക്കുന്ന ഒരു റഷ്യൻ വിഭവമാണ് , പേരുകേട്ട് പേടിക്കേണ്ട ആവശ്യമൊന്നുമില്ല, ആൾ സസ്യ വിഭവവും രുചിയുള്ള ഒരു ലഖു ഭക്ഷണവുമാണ്,

വെറും  ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചു നിറച്ചു ബേക്ക് ചെയ്തെടുത്ത ഒരു സ്‌നാക് ആണ് പിരോഷ്‌കി, നമ്മുടെ നാട്ടിലെ പഫ്‌സ് പോലെയിരിക്കും എന്നാൽ അതിനേക്കാൾ സോഫ്റ്റാണ്

ഒരു പിരോഷ്‌കി പൊതിഞ്ഞു ബാഗിലിട്ടു എന്നിട്ടു ഒരു കൈയിൽ കോഫിയും മറുകൈയിൽ നാപ്കിനിൽ പൊതിഞ്ഞ അവശേഷിച്ച  പിരോഷ്‌കിയും പിടിച്ചു ഞാൻ ബസിനടുത്തേയ്ക്കു ചെന്നു, അപ്പോഴേയ്ക്കും ആളുകൾ ബസുകളിലേയ്ക്ക് കയറി ഇരുപ്പായി, ഞാനും കയറി സൗകര്യമായ ഒരു സീറ്റിൽ ഇരുന്നു,

കൂടെ യുള്ള യാത്രികരിൽ ഭൂരിഭാഗവും പ്രായം ചെന്നവരാണ് ജർമനിയിൽ നിന്നുള്ള ഒരു ഗ്രൂപ്പും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ചിലരും പിന്നെ ഇന്ത്യയിൽ നിന്ന് ഞാനും

യാത്രതുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ നമ്മൾ യെരെവാൻ  സിറ്റി യുടെ പുറത്തെത്തി പിന്നീടുള്ള യാത്ര നയനമനോഹരമായ പച്ചപ്പരവതാനി വിരിച്ച താഴ്‌വരകളിലൂടെയും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന മുന്തിരി പാടങ്ങൾ നിറഞ്ഞ കാർഷിക ഗ്രാമങ്ങളിലൂടെയും ആയിരുന്നു ,, ആദ്യ ഒരു മണിക്കൂർ കഴിഞ്ഞതോടെ മനുഷ്യ വാസമുള്ള സ്ഥലങ്ങൾ കാഴ്ചയ്ക്കപ്പുറമായി,, പിന്നെ പ്രകൃതി രമണീയമായ മലോയരങ്ങളും, താഴ്വരകളും മാത്രമായി അതോടൊപ്പം ആകാശത്തു വരച്ചിട്ട ചിത്രം പോലെ എപ്പോഴും കണ്മുന്നിൽ കാണാവുന്ന "അരാരത്" പർവ്വതമെന്ന അർമേനിയക്കാരന്റെ പരിശുദ്ധ ഹിമ ശ്രിംഗം കാഴ്ച്ചയിൽ നിന്നും മാറി മറഞ്ഞു.

ഉച്ചയോടെ തതെവിൽ എത്തി, വണ്ടിയിൽ നിന്നും ഇറങ്ങിയെത്തിയത് "വിങ്‌സ് ഓഫ് തതേവ്" എന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ നോൺസ്റ്റോപ് ഡബിൾ ലൈൻ കേബിൾ കാർ സ്റ്റേഷനിലേക്കാണ്, അവിടെനിന്നും കേബിൾ കാറിൽ കയറി തതേവ് മൊണാസ്ട്രിയിലേയ്ക്ക് യാത്രയായി

പ്രൗഢ ഗംഭീരമായ തതേവ് മൊണാസ്ട്രിയും കണ്ടു തിരിച്ചു കേബിൾ കാറിൽ കയറി ഡിപ്പാർച്ചർ പോയിന്റിലെത്തി

ഇനി തിരികെ യാത്രയാണ്, അതിനിടയിൽ ടൂർ ഗൈഡ് ചോദിച്ചു, നമ്മൾ തിരിച്ചു പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടവും വൈനറിയും ഉണ്ട് ഒന്നുകിൽ ഇതുരണ്ടും കാണാം അല്ലെങ്കിൽ "ഖണ്ഡസോർസ്‌ക്" ഉം "സോറട്സ്  കരർ" ഉം കാണാം

ആദ്യം പറഞ്ഞത് രണ്ടും എനിക്ക് മനസ്സിലായി പക്ഷെ രണ്ടാമത് പറഞ്ഞ പേരുകൾ കേട്ടിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല

അപ്പോഴേയ്ക്കും എൻറെ സഹയാത്രികർ രണ്ടാം ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു, ഒന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്ന ഞാൻ എന്തും വരട്ടെ എന്ന ഭാവത്തിൽ തലകുലുക്കി നെഞ്ചും വിരിച്ചിരിന്നു.

യാത്രയ്ക്കിടയിൽ വഴിയോര റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം ഒക്കെ കഴിച്ചിരുന്നു എങ്കിലും ആ കാര്യങ്ങൾ ഞാൻ വിശദീകരിക്കുന്നില്ല, വർഷങ്ങളായുള്ള മധ്യേഷ്യൻ യാത്രകളും ടൂറിസവുമൊക്കെ അവിടുത്തെ ഭക്ഷണവുമായി ഇഴുകിച്ചേരാൻ എനിക്ക് സഹായകമായി , അല്ലെങ്കിൽ തന്നെ കപ്പയും മീൻകറിയും സാമ്പാറുമൊക്കെ ഉച്ചയൂണിനു നിർബന്ധം വേണം എന്ന ശീലമൊന്നും എനിക്ക് പണ്ടേയില്ല,

കിർഗിസ്ഥാൻ, കസാഖ്സ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങി മധ്യേഷ്യൻ രാജ്യങ്ങളിലെ ജീവിതവും യാത്രയും ഒക്കെ ആസ്വാദനത്തിനേക്കാൾ ജീവൻ നിലനിർത്താൻ ഉള്ള ഒരു ഉപാധിയായി മാത്രം ഭക്ഷണത്തെ സമീപിക്കാൻ എന്നെ പഠിപ്പിച്ചു,

എന്നാലും എവിടെയൊക്കെ യാത്ര ചെയ്യുന്നോ അവിടെയൊക്കെ യുള്ള തനതായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച് കഴിക്കാനും അവയൊക്കെ ഇഷ്ടപ്പെടാനും എനിക്ക് സാധിക്കാറുണ്ട്...

ഇപ്പോൾ നമ്മുടെ ബസ്സു ,,  ടാർ റോഡിൽ നിന്നും മാറി മൺപാതയിലൂടെയായി ഓട്ടം,

കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഒരു വശത്തായി താഴേയ്ക്ക് കുത്തനെ ഇറങ്ങുന്ന താഴ്വരയും അതിനപ്പുറത്തായി മലനിരകളും കാണാൻ തുടങ്ങി, പക്ഷെ ആദ്യം ശ്രദ്ധിച്ചില്ല എങ്കിലും പതിയെ പതിയെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു , താഴ്വരയ്ക്കപ്പുറം കാണുന്ന മലകളിലെല്ലാം ഗുഹകൾ പോലെ ദ്വാരങ്ങൾ കാണാം, ഒന്നോ രണ്ടോ ദ്വാരങ്ങളല്ല നൂറുകണക്കിന് ഗുഹകൾ, എന്താണ് സംഭവം എന്ന് മനസിലായില്ല,, അപ്പോഴേയ്ക്കും കൂടുതൽ കൂടുതൽ മലകൾ കാണാൻ തുടങ്ങി അവയിലെല്ലാം ഇതേ ഗുഹകൾ,

ഒടുവിൽ നമ്മുടെ ബസ് താഴ്വരയുടെ ഒരറ്റത്തായി പാർക്കിംഗ് ഏരിയയിൽ എത്തി നിർത്തി, പാർക്കിംഗ് ഏരിയയോട് ചേർന്ന് ചെറിയ റെസ്റ്റോറന്റുകളും ടോയ്‌ലറ്റ് സംവിധാനവും ഒക്കെ യുണ്ട് , അവിടെനിന്നും താഴേയ്ക്ക് നടക്കാൻ കുത്തനെ പടികൾ വെച്ച പടവുകളും

പടവുകളിൽ ചിലതു കല്ലുപാകിയതാണ്, ചിലതു മരം കൊണ്ടും ചിലതു ഇരുമ്പുകൊണ്ടും , എന്തായാലും നല്ല താഴ്ചയുണ്ട് , പടവുകൾ താഴവരയുടെ ഇറക്കത്തിന്റെ പകുതിയിൽ അവസാനിക്കും അവിടെനിന്നു അപ്പുറത്തുള്ള മലയിലേക്കു ഒരു തൂക്കുപാലം ഉണ്ട്

പടികൾ ശ്രദ്ധയോടെ ഇറങ്ങുമ്പോഴും എൻറെ കണ്ണുകൾ അപ്പുറത്തു കാണുന്ന മലനിരകളിലാണ്, എനിക്ക് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ മലകളിലെല്ലാം നൂറു കണക്കിന് ഗുഹകൾ,

ആയാസപ്പെട്ട് സമയമെടുത്ത് പടികൾ ഇറങ്ങി തൂക്കുപാലത്തിനടുത്തെത്തി അപ്പോഴതാ തൂക്കുപാലം തുടങ്ങുന്നിടത്തു ഞങ്ങൾ നിൽക്കുന്ന ഭാഗത്തായി ഒരു ഗുഹ, ഗൈഡ് ഞങ്ങളെയെല്ലാം വിളിച്ചു ആ ഗുഹയിലേക്ക് കയറി, അതുവരെ ഞാൻ വിചാരിച്ചതു ഈ ഗുഹകൾ ആദിമ മനുഷ്യരുടേതായിരിക്കും എന്നാണ് ,, പക്ഷെ ഗുഹക്കകത്തു കടന്ന ഞാൻ ശരിക്കും ഞെട്ടി ,, ഗുഹയിൽ ഒരു പരിഷ്‌കൃത മനുഷ്യ കുടുംബത്തിൽ ഇന്ന് കാണാൻ സാധിക്കുന്ന ഫർണിച്ചറുകൾ ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ പലതും, ,, വൈദ്യുതി ഇല്ലാത്ത കാലത്തു നമ്മുടെ നാട്ടിൽ ആളുകൾ എങ്ങനെ ജീവിച്ചോ അതുപോലെ ഒരു കുടുംബത്തിന് വേണ്ടതെല്ലാം ആ കുഞ്ഞു ഗുഹയിൽ ഞാൻ കണ്ടു

അപ്പോഴാണ് അറിയുന്നത് അർമേനിയയിലെ ഈ ഗുഹാ ഗ്രാമം ഇരുപതാം നൂറ്റാണ്ടുവരെ ജനങ്ങൾ വസിച്ചിരുന്ന വികസിതമായ ഒരു ഗ്രാമം തന്നെയായിരുന്നു,

തൂക്കുപാലം കടന്നു മലനിരകളിൽ എത്തുമ്പോൾ ആ ഗ്രാമത്തിലെ ജീവിതത്തെ കുറിച്ചും കടന്നുകയറ്റക്കാരെ എതിർത്ത് തോൽപിക്കാൻ സ്വന്തം ഭർത്താക്കന്മാരോടൊപ്പം തോളോട് തോൾചേർന്നു യുദ്ധം ചെയ്ത ആ ഗ്രാമത്തിലെ സ്ത്രീകളെ കുറിച്ചും , അവർ തിരിച്ചു വരുന്നതും കാത്തു ഗുഹകളിൽ ഉറങ്ങുന്ന കുഞ്ഞുങ്ങളെക്കുറിച്ചും,

അവർക്കു പ്രാർഥിക്കാൻ നിർമിച്ച പള്ളിയും, പള്ളിയിലേക്കുള്ള നടപ്പാതയിൽ അടക്കിയിരിക്കുന്ന ഗ്രാമ മുഖ്യൻ മാരുടെ ശവക്കല്ലറകളും, പുതു തലമുറ മണ്ണിൽ പുതഞ്ഞ ഞങ്ങളുടെ ശവങ്ങൾക്കു മുകളിലൂടെ തന്നെ നടക്കണം എന്നും ശാഠ്യം പിടിച്ച ആ ഗ്രാമത്തിന്റെ ചരിത്ര പുരുഷന്മാരും ഒക്കെ ചേർന്ന് ആശ്ചര്യം വിട്ടുമാറാതെ അത്ഭുതത്തോടെ ആ കഥകൾ കേട്ട് ഞങ്ങൾ തിരിച്ചു നടന്നു.

യെരെവാനിൽ  തിരിച്ചെത്തി അപ്പാർട് മെൻറ്റിൽ വന്നു ഉറങ്ങാൻ കിടക്കുമ്പോഴും വാനോളം ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ മലനിരകളും അതിൽ നിറയെ തുരന്നു നിർമിച്ച ഗുഹകളും, അവിടെ ജീവിച്ച ജനതയും അവർ മല്ലിട്ട ജീവിതവും, ഒരു അനിമേറ്റഡ് ഹോളിവുഡ് മൂവിയിൽ കാണുന്ന രംഗങ്ങൾ പോലെ എൻറെ ഉള്ളിലൂടെ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു ...!!