Monday, March 18, 2019

ലോകത്തിലെ ആദ്യ ക്രിസ്തീയ രാജ്യമായ അർമേനിയയുടെ, ചരിത്ര വേരുകൾ തേടി ഒരു യാത്ര !!

ഇന്നെൻറെ അർമേനിയൻ യാത്രയുടെ നാലാം നാൾ !!

ഇന്നത്തെ യാത്ര അർമേനിയ യുടെ ക്രിസ്തീയ ചരിത്രത്തിന്റെ വേരുകൾ തേടിയാണ് ,,,

എല്ലാവർക്കും അറിയാം അർമേനിയായാണ് ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യം , എന്ന് വെച്ചാൽ കൃസ്ത്യാനിറ്റി ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ആദ്യ രാജ്യം !!

അർമേനിയ ഭരിച്ചിരുന്ന തിരിഡേറ്റ് മൂന്നാമൻ എന്ന പാഗൻ രാജാവാണ് AD  301 ഇൽ അർമേനിയയെ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിക്കുന്നതു, താൻ ക്രിസ്തുമതം സ്വകരിച്ചതോടൊപ്പം അദ്ദേഹം തൻറെ പ്രജകളെയും    ക്രിസ്ത്യാനിറ്റിയിലേയ്ക്ക് പൂർണമായും മതം മാറ്റി

എന്തൊക്കെ യാണ്  ഇതുപോലെയൊരു മഹത്തായ മതം മാറ്റത്തിലേയ്ക്ക് ചെന്നെത്തിച്ച സംഭവ വികാസങ്ങൾ  ,, എവിടെയൊക്കെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത് ,, ഇങ്ങനെയുള്ള സ്വാഭാവിക സംശയങ്ങളുടെ ദൂരീകരണമാണ് ഇന്നത്തെ യാത്രയുടെ ലക്‌ഷ്യം

ആദ്യം സന്ദർശിക്കാൻ തിരഞ്ഞെടുത്ത സ്ഥലം " ഖോർ വിരാപ് " ആണ്, കാരണം ഖോർ വിരാപ് മൊണാസ്റ്ററി നിൽക്കുന്ന സ്ഥലത്തു നിന്നാണ് അർമേനിയയുടെ ക്രിസ്തീയ വൽക്കരണത്തിന്റെ ആദ്യ കഥ തുടങ്ങിയത്

AD മൂന്നാം നൂറ്റാണ്ടുകളിൽ ശക്തമായ പേഗൻ സംസ്കാരം നിലനിന്നിരുന്ന അർമേനിയായിലേയ്ക്ക് ക്രിസ്തീയ മതം പ്രചരിപ്പിക്കാനായി എത്തിയ ഗ്രിഗറി ലുസാറോവിച് എന്ന ക്രിസ്തീയ മിഷനറിയിൽ നിന്നാണ് അർമേനിയയുടെ ക്രിസ്തീയ  ചരിത്രം ആരംഭിക്കുന്നത്

തൻറെ രാജ്യത്തു ക്രിസ്തു മതം പ്രചരിപ്പിക്കാനെത്തിയ ഗ്രിഗോറി ലുസാറോവിച് എന്ന ക്രിസ്തീയ മിഷനറിയെ അന്നത്തെ അർമേനിയൻ രാജാവായ തിരിഡേറ്റ് മൂന്നാമൻ ബന്ദിയാക്കി പിടിച്ചു ഇന്നത്തെ ഖോർ വിരാപ് മൊണാസ്റ്ററി നിൽക്കുന്ന സ്ഥലത്തു ഉണ്ടായിരുന്ന പേഗൻ ക്ഷേത്രത്തിനടുത്തായി 20 അടിയോളം താഴ്ച്ചയുള്ള ഇടുങ്ങിയ ഒരു കിടങ്ങിനുള്ളിൽ തടവിലാക്കി. ഒരു മനുക്ഷ്യന് കഷ്ടിച്ച് ഇറങ്ങി നിക്കാൻ മാത്രം  സാധിക്കുന്ന ഈ കുഴിയിൽ ഏകദേശം പതിമൂന്നു വർഷത്തോളം ഗ്രിഗറി തടവിൽ കഴിഞ്ഞു

ക്രിസ്തുമതം പ്രചരിപ്പിക്കാൻ വന്നു എന്നത് മാത്രമല്ല ഗ്രിഗറി യോട് തിരിഡേറ്റ് മൂന്നാമന് ശത്രുത ഉണ്ടാവാൻ കാരണം, തിരിഡേറ്റ് മൂന്നാമെന്റെ അച്ഛൻ കോസ്ററോവ് രണ്ടാമനെയും അമ്മയെയും ചതിച്ചു കൊന്നത് ഗ്രിഗറിയുടെ അച്ഛനായിരുന്നു പാർഥിയാൻ രാജാവ് അനക് ആയിരുന്നു,

എന്നാൽ കപ്പഡോസ എന്ന സിസേറിയൻ നഗരത്തിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ പരിശുദ്ധ പിതാവ് ഫിർമിലിയാനോസിന്റെ കീഴിൽ ക്രിസ്തീയ വിദ്യാഭ്യാസം നേടിയ ഗ്രിഗറി തൻറെ അച്ഛൻ ചെയ്ത പാപത്തിനു പ്രായശ്ചിത്തം എന്നോണം  അർമേനിയയിലെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റുക എന്ന ആഗ്രഹുമായാണ് അർമേനിയയിൽ എത്തിയത്

അഴുക്കും വിഷ സർപ്പങ്ങളും ക്ഷുദ്ര ജീവികളും ഒക്കെ നിറഞ്ഞ കിടങ്ങിൽ മരണത്തെ അതിജീവിച്ചു ഗ്രിഗറി കാലങ്ങൾ തള്ളിനീക്കി ,, വർഷങ്ങൾ പോകെ പോകെ എല്ലാവരും ഗ്രിഗറിയെ മറന്നു,

അങ്ങനെയിരിക്കെ ഏകദേശം പതിമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ അർമേനിയയിൽ മനുഷ്യ മനസാക്ഷിയെ നടുക്കുന്ന അതി ദാരുണമായ ഒരു സംഭവം അരങ്ങേറി,

റോമിൽ നിന്നും ദയക്ലതിയൻ രാജാവിന്റെ വിവാഹ അഭ്യർത്ഥനെയെ നിരാകരിച്ചതിൽ നിന്നുമുള്ള പ്രതികാരം ഭയന്ന് ഹ്രിപ്‌സിം എന്ന അതി സുന്ദരിയായ ഒരു കന്യാസ്ത്രീയും അവരുടെ നേതാവ് ഗയാന എന്ന കന്യാസ്ത്രീയും കൂടെ വേറെ മുപ്പത്തിയാറോളം കന്യാസ്ത്രീകളും ചേർന്ന്  അർമേനിയിലേയ്ക്ക് ഒളിച്ചോടി,

എന്നാൽ തൻറെ ആത്മാർഥ സുഹൃത്തായ തിരിഡേറ്റ് മൂന്നാമനെ ദയക്ലതിയൻ രാജാവ് ഈ കന്യാസ്ത്രീകൾ അർമേനിയയിൽ ഒളിച്ചു താമസിക്കുന്ന വിവരം സന്ദേശ വാഹകർ മൂലം അറിയിച്ചു,

വളരെ പെട്ടന്ന് തന്നെ തിരിഡേറ്റ് മൂന്നാമൻറെ പടയാളികൾ വഖർഷാപത് എന്ന തങ്ങളുടെ തലസ്ഥാന നഗരിയിൽ ഒളിച്ചു താമസിച്ചിരുന്ന ഗയാനയെയും ഹ്രിപ്സിമിനെയും മറ്റു കന്യാസ്ത്രീകളും കണ്ടെത്തി തിരിഡേറ്റ് മൂന്നാമൻറെ മുന്നിൽ എത്തിച്ചു, അതിസുന്ദരിയായ ഹ്രിപ്സിനിൽ ആകൃഷ്ടനായ തിരിഡേറ്റ് അവരോടു വിവാഹ അഭ്യർത്ഥന നടത്തി എന്നാൽ ദയക്ലതിയൻ രാജാവിനോട് പ്രതികരിച്ചതുപോലെ തന്നെ ഹ്രിപ്‌സിം തിരിഡേറ്റ് മൂന്നാമൻറെയും വിവാഹ അഭ്യർഥന നിരസിച്ചു.

ഇതിൽ കോപിഷ്ഠനായ തിരിഡേറ്റ് രാജാവും അദ്ദേഹത്തിന്റെ പടയാളികളും ചേർന്ന് ഹ്രിപ്സിനെയും ഗയാനയെയും മറ്റു കന്യാസ്ത്രീകളെയും അതി ക്രൂരമായി ഉപദ്രവിക്കുകയും തുടർന്ന് കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു

ഈ കൂട്ടക്കുരുതി കഴിഞ്ഞതോടെ രാജാവിന്റെയും കൊലപാതകത്തിൽ പങ്കെടുത്ത പടയാളികളുടെയും മാനസിക ആരോഗ്യ നിലകൾ തെറ്റാൻ തുടങ്ങി,

മാരക രോഗം ബാധിച്ചു തിരിഡേറ്റ് രാജാവ് കിടപ്പിലായി

ആ സമയം രാജാവിന്റെ സ്വപ്നത്തിൽ വർഷങ്ങൾക്കു മുൻപ് താൻ തടവിലാക്കിയ ഗ്രിഗറിയുടെ ദർശനം ഉണ്ടാവുകയും, ഗ്രിഗറിയെ തടവിൽ നിന്നും മോചിപ്പിച്ചാൽ മാത്രമേ തൻറെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്ന ഒരു വിശ്വാസവും ഉണ്ടാകുകയും ചെയ്തു, അതിനിടയിൽ  തിരിഡേറ്റ് മൂന്നാമൻറെ പത്‌നി ആഷ്കെൻ, ഗ്രിഗറിയെ മോചിപ്പിക്കാനായി തിരിഡേറ്റ് മൂന്നാമനെ നിർബന്ധിക്കുകയും ചെയ്തു

ഒടുവിൽ വകർഷാപതിൽ വെച്ച് തടവിൽ നിന്നും മോചിപ്പിക്ക പെട്ട ഗ്രിഗോറിയും തിരിഡേറ്റ് മൂന്നാമനും കണ്ടുമുട്ടുകയും തുടർന്ന് ഗ്രിഗോറിയുടെ ഉപദേശം അനുസരിച്ചു തിരിഡേറ്റ് മൂന്നാമൻ  ക്രിസ്ത്യൻ മതം സ്വീകരിക്കുകയും ചെയ്തു, അതോടെ ഗ്രിഗറി ലുസാറോവിച് എന്ന ക്രിസ്ത്യൻ മിഷനറി പരിശുദ്ധനായി വാഴത്തപ്പെടുകയും സെന്റ് ഗ്രിഗറി ദി ഇല്ല്യൂമിനേറ്റർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു

ക്രിസ്തീയ മതം സ്വീകരിച്ചതോടെ തിരിഡേറ്റ് മൂന്നാമൻ സെന്റ് ഗ്രിഗറിക്കു രാജ്യമൊട്ടാകെ ക്രിസ്തീയ മതം പ്രചരിപ്പിക്കാനും സർവരെയും ക്രിസ്തു മതത്തിലേക്ക് മാറ്റം ചെയ്യുന്നതിനുമുള്ള  അധികാരം നൽകുകയും തൻറെ തലസ്ഥാന നഗരമായ വഖർഷാപതിൽ ഒരു കത്തീഡ്രൽ നിർമിക്കുകയും ചെയ്തു,

ഈ കത്തീഡ്രൽ  അറിയപ്പെടുന്നത് എട്മിയാചിൻ കത്തീഡ്രൽ എന്ന പേരിലാണ്, ഈ കത്തീഡ്രലിലാണ് ജീസസ് ക്രൈസ്റ്റിനെ ക്രൂശിക്കാൻ ഉപയോഗിച്ച ഹോളി സ്പിയർ സൂക്ഷിച്ചിരിക്കുന്നത്

ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കത്തീഡ്രൽ ആണ് ഏറ്റ്മിയാചിൻ കത്തീഡ്രൽ, അതോടൊപ്പം കന്യാസ്ത്രീകളെയും ഗായനെയെയും ഹ്രിപ്സിമിനെയും വാഴ്ത്തപ്പെട്ടവരായി അംഗീകരിക്കുകയും അവർക്കായി വെവ്വേറെ ചർച്ചുകൾ നിർമിക്കുകയും ചെയ്തു

ഇതിൽ സെൻറ് ഗയാന ചർച്ചും ഏറ്റ്മിയാചിൻ കത്തീഡ്രലും തമ്മിൽ അറുനൂറു (600m) മീറ്റർ ദൂരം മാത്രമേയുള്ളു എന്നുവെച്ചാൽ ഈ രണ്ടു സ്ഥലങ്ങളും നമുക്ക് നടന്നു തന്നെ കാണാം

ഏറ്റ്മിയാചിൻ കത്തീഡ്രലിൽ നിന്നും യെരെവാൻ സിറ്റിയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം ഒന്നര കിലോമീറ്റർ കഴിയുന്നിടത്താണ് സെൻറ് ഹ്രിപ്‌സിം ചർച്ച് അവിടെ നിന്നും അതേവഴിയിൽ യെരെവാനിലേക്ക് പോകുമ്പോൾ യെരെവാൻ എയര്പോര്ട്ടിനടുത്തായാണ് സെൻറ് ഗ്രിഗറി യും തിരിഡെറ്റ്സ് മൂന്നാമനും കണ്ടുമുട്ടിയ സ്ഥലം ഉള്ളത് ,

ഈ സ്ഥലത്തു വെച്ചാണ് തിരിഡെറ്റ്സ് മൂന്നാമൻ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ തീരുമാനിക്കുന്നത് , അവിടെ ഒരു കത്തീഡ്രൽ നിർമിച്ചിരുന്നു എങ്കിലും ഇന്നതിന്റെ കുറച്ചു തൂണുകളും കെട്ടിടാവശിഷ്ടങ്ങളും  മാത്രമേ അവശേഷിക്കുന്നുള്ളൂ ,,

ഈ പ്രദേശത്തെ സവർത്തനോട്സ് കത്തീഡ്രൽ എന്നാണ് അറിയപ്പെടുന്നത് , ഈ പേര് തന്നെയാണ് യെരെവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നൽകിയിരിക്കുന്നത്

അങ്ങനെ ഖോർവിരാപ് മൊണാസ്ട്രിയിൽ തുടങ്ങി സ്‌വർത്തനോട്സ് കത്തീഡ്രലിന്റെ ബാക്കി ശേഷിപ്പിലെത്തിനിൽക്കുമ്പോൾ അർമേനിയ എന്ന ചരിത്രഭൂമിയും, പ്രൗഢ ഗംഭീരമായ അവരുടെ ആരാധനാലയങ്ങളും , ആശ്ചര്യം ജനിപ്പിക്കുന്ന ചരിത്ര വഴികളും, നൊമ്പരപ്പെടുത്തുന്ന കഥകളും, അത്ഭുതം പ്രവർത്തിച്ച ഈശ്വര ചൈതന്യവും ഒക്കെ  ചേർന്നു ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യത്തിൻറെ ചരിത്രം മനസിൻറെ അടിത്തട്ടിൽ കല്ലിൽ കൊത്തിയിട്ട ചിത്രം പോലെ ഒരിക്കലും മായാത്ത ഓർമയായി അവശേഷിക്കുന്നു










No comments:

Post a Comment