Sunday, November 3, 2019

യാത്രയ്ക്കായി ലാട കാറുകളും കുതിരകളും മാത്രമുള്ള ഇറാൻ അതിർത്തിയിലെ അർമേനിയൻ ഗ്രാമം.

എൻ്റെ അർമേനിയൻ ദിനങ്ങൾ സംഭവബഹുലമായി തുടരുകയാണ് !!

ഇന്ന് ഞാനൊരു ദീർഘ യാത്രയ്ക്ക് ഇറങ്ങുകയാണ്, അർമേനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കാപ്പാനിലേയ്ക്ക്, കാപ്പാൻ അർമേനിയയുടെ അതിർത്തി ഗ്രാമമാണ്, ഇറാനും അർമേനിയയുമായുള്ള അതിർത്തി കടക്കുന്നത് കാപ്പാനിലൂടെയാണ്, പക്ഷെ യെർവാനിൽ നിന്നും കാപ്പാനിലേയ്ക്ക്  യാത്ര തുടങ്ങുമ്പോൾ കാപ്പാൻ ഇറാൻറെ അതിർത്തി പങ്കിടുന്ന അർമേനിയൻ ഗ്രാമമാണ് എന്ന വിഷയം എൻ്റെ ശ്രദ്ധയിൽ ഇല്ലായിരുന്നു.

സ്യുണിക് റീജിയൻ എന്ന അർമേനിയയുടെ പ്രധാന ഭൂവിഭാഗത്തിൽ പെട്ട സ്ഥലമാണ് കാപ്പാൻ, തതേവ് മൊണാസ്ട്രിയും, ഗോറിസ് പട്ടണവും, ഷാഖി വെള്ളച്ചാട്ടവും,  കണ്ടസെറാക്സ് എന്ന ഗുഹാ ഗ്രാമവും, പർവ്വതങ്ങളും, മലഞ്ചെരുവുകളും, കാട്ടരുവികളും ഒക്കെ ചേർന്ന് അർമേനിയയിലെ ഏറ്റവും പ്രധാന ഇക്കോ ടൂറിസം മേഖലയാണ് കാപ്പാൻ

നേച്ചർ ടൂറിസത്തിന്റെ ഭാഗമായി, ഹൈക്കിങ്ങും, ട്രെക്കിങ്ങും, ക്യാംപിങ്ങും ഒക്കെ ഏറ്റവും കൂടുതൽ നടക്കുന്ന കാപ്പാൻ മേഖല എൻ്റെ ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കായി പരിചയപ്പെടുത്തുക എന്ന ഒരു ലക്ഷ്യവും എൻ്റെ ഈ യാത്രയ്ക്കുണ്ട്.  അതിനേക്കാൾ പ്രധാനം "പീപ്പിൾ ഇൻ നീഡ്" എന്ന അർമേനിയയിലെ ഏറ്റവും വലിയ എൻ ജി ഓ യുടെ അതിഥി യായി ഈ പ്രദേശത്തിലെ ഗ്രാമങ്ങൾ സന്ദർശിക്കുക എന്നതാണ്.

അർമേനിയയിൽ ഏറ്റവും കൂടുതൽ യൂറോപ്യൻ യൂണിയൻറെ ഗ്രാൻഡ് ചിലവഴിക്കുന്ന എൻ ജി ഓ യാണ് "പീപ്പിൾ ഇൻ നീഡ്", അവരുടെ ഒരു വോളന്റിയർ ഓർഗനൈസഷൻ എന്ന നിലയിൽ എൻ്റെ ടൂറിസം സംരംഭമായ "മൈ ട്രാവൽ അർമേനിയയെ" ഗ്രാമ വികസനം, പ്രകൃതി സംരക്ഷണം, പ്രകൃതി സൗഹൃദ വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങളിൽ പങ്കു ചേർക്കുക എന്ന ഒരു ഉദ്ദേശ്യവും ഈ യാത്രയിൽ ഉണ്ട്.

യെർവാനിൽ നിന്നും ഏകദേശം അഞ്ചുമുതൽ ആറുമണിക്കൂർ വരെ റോഡുമാർഗം യാത്രചെയ്തുവേണം കാപ്പാനിലെത്താൻ, പീപ്പിൾ ഇൻ നീഡിന്റെ ഓഫീസിൽ നിന്നും അവർ എൻ്റെ കാപ്പാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു തന്നു, പുലർച്ചെ ഏഴു മണിക്ക് തന്നെ യെർവാനിൽ നിന്നും ബസ് പുറപ്പെടും, ഞാൻ അതിരാവിലെ അഞ്ചുമണിക്കുതന്നെ എഴുന്നേറ്റു തയ്യാറായി രണ്ടു ദിവസം തങ്ങാനുള്ള വസ്ത്രങ്ങളും ലാപ്ടോപ്പും ഒക്കെ പായ്ക്ക് ചെയ്തു ഇറങ്ങി, നല്ല തണുപ്പുണ്ട്, ടാക്സി ബുക്ക് ചെയ്തു ബസ്റ്റാന്റിൽ എത്തി, അപ്പോഴും നല്ല ഇരുട്ടാണ്, ചിലർ ബസ് കാത്തു അവിടെ അവിടെയായി നിൽക്കുന്നുണ്ട്, എനിക്ക് പോകേണ്ട ബസ് ഇവിടെത്തന്നെയാണോ വരുന്നത് എന്ന് എനിക്ക് ഉറപ്പില്ല, കാരണം ഈ ബസ്‌സ്റ്റാൻഡിന്റെ മുൻവശത്തും പിൻവശത്തും ബസ്സുകൾ വരാറുണ്ട്, ഈ ബസ്‌സ്റ്റാൻഡിന്റെ അടിവശം മെട്രോ സ്റ്റേഷനാണ് അതുകൊണ്ടുതന്നെ ഒരു വലിയ കോമ്പ്ലക്സാണ് ഈ ബസ്‌റ്റേഷൻ, അണ്ടർ പാസ്സേജിലൂടെ നടന്നു വേണം രണ്ടു വശത്തേക്കും എത്താൻ, അതുകൊണ്ടു തന്നെ അവസാന നിമിഷം ഇവിടെയല്ല ബസ് വരുന്നത് എന്ന് മനസ്സിലായാൽ പെട്ടെന്ന് ഓടി അപ്പുറത്തെത്തി ബസ് പിടിക്കുക പ്രയാസമാണ്.

ബസ് ഡ്രൈവറുടെ ഫോൺ നമ്പർ നേരെത്തെ തന്നെ എനിക്ക് മെസ്സേജായി കിട്ടിയിട്ടുണ്ട്, പക്ഷെ ഡ്രൈവർ ഇംഗ്ലീഷ് ഭാഷ അറിയാവുന്ന ആളാകാൻ ഒരു സാധ്യതയും കാണുന്നില്ല, ഒടുവിൽ ഞാൻ രണ്ടും കൽപ്പിച്ചു ഡ്രൈവറുടെ നമ്പർ ഡയൽ ചെയ്തു ഡ്രൈവർ ഫോൺ എടുത്ത ഉടനെ അടുത്ത് നിന്ന ഒരാളുടെ കയ്യിൽ ഫോൺ കൊടുത്തു എന്നിട്ടു കാപ്പാൻ ബസ് എന്ന് പറഞ്ഞു കൂടെ ആംഗ്യഭാഷയിൽ ഇവിടെയാണോ വരുന്നത് എന്ന് സമർഥമായി അഭിനയിച്ചു ചോദിച്ചു. രണ്ടു സെക്കൻഡ് എന്തോ ഡ്രൈവറുമായി സംസാരിച്ച ശേഷം അയാൾ എന്നോട് അർമേനിയൻ ഭാഷയിൽ പറഞ്ഞു, അതെ കാപ്പൻ ബസ് ഇവിടെ തന്നെയാണ് വരുന്നത്, ഞാനും കപ്പാനിലേക്കാണ്, പത്തു മിനിറ്റിനുള്ളിൽ ബസ് വരും.

ആശ്വാസമായി, അങ്ങനെ കുറച്ചു നേരം തണുത്തു വിറച്ചു അവിടെ കാത്തു നിന്നു, പത്തു മിനുറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഒരു ടെമ്പോട്രാവലർ അവിടേയ്ക്കു വന്നു നിന്നു, എൻ്റെ കൂടെ നിന്നവരുൾപ്പടെ എല്ലാവരും അതിലേയ്ക്ക് കയറി ഇരുന്നു, കൂടെ ഞാനും, ഡ്രൈവർ വന്നു എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങി, തുടർന്ന് യാത്ര ആരംഭിച്ചു.

കാപ്പാൻ വരെ യാത്ര ചെയ്തിട്ടില്ല എങ്കിലും തഥേവിലേയ്ക്ക് മുൻപ് രണ്ടു പ്രാവശ്യം ഞാൻ യാത്ര ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ വഴിയോര കാഴ്ചകൾ എനിക്ക് സുപരിചിതമായിരുന്നു,

ഞാൻ പതുക്കെ ഒന്ന് മയങ്ങാം എന്ന് തീരുമാനിച്ചു,

ഏകദേശം ഉച്ചയോടു കൂടി നമ്മുടെ വണ്ടി ഗോറിസ് പട്ടണം കടന്നു കപ്പാനിലേയ്ക്ക് യാത്ര തുടർന്നു, പീപ്പിൾ ഇൻ നീഡിന്റെ ഓഫീസിൽ നിന്നും എൻ്റെ കാര്യങ്ങൾ കാപ്പനിൽ അറേഞ്ച് ചെയ്യുന്നതിനായി മിഖായേൽ എന്ന അവരുടെ ഒരു സ്റ്റാഫിന്റെ നമ്പർ തന്നിട്ടുണ്ട്, യാത്ര തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ ഞാൻ മിഖായേലുമായി ഫോണിൽ സംസാരിച്ചിരുന്നു,

കപ്പാനിലെത്തി ഫോൺ ചെയ്താൽ മതി തങ്ങളുടെ ഡ്രൈവർ അവിടെ കാത്തു നിൽപ്പുണ്ടാകും ബാക്കികാര്യങ്ങൾ നേരിട്ട് കണ്ടു തീരുമാനിക്കാം എന്ന് മിഖായേൽ പറഞ്ഞു.

അങ്ങനെ വണ്ടി കാപ്പാൻ ടൗണിൽ എത്തി, കുറച്ചു പേർ ഇറങ്ങി ബാക്കിയുള്ളവർ വണ്ടിയിൽ തന്നെ ഇരിക്കുകയാണ്, ഞാൻ മിഖായേലിനെ ഫോണിൽ വിളിച്ചു, ഞാൻ കാപ്പാനിൽ എത്തിക്കഴിഞ്ഞു, എവിടെയാണ് ഇറങ്ങേണ്ടത്?, മിഖായേൽ പറഞ്ഞു സിറ്റി സെന്ററിൽ ഇറങ്ങിക്കോളൂ നമ്മുടെ ഡ്രൈവർ അവിടെ ഉണ്ടാകും,

എവിടെ യാണ് സിറ്റി സെന്റർ എന്നെനിക്കു അറിയില്ല എങ്കിലും ഒരു സമാധാനം ഉണ്ട്, ഇനിയും ആൾക്കാർ ഇറങ്ങാനുണ്ടല്ലോ , അവസാന സ്റ്റോപ്പിൽ എന്തായാലും എല്ലാവരും ഇറങ്ങും, അപ്പോൾ അവരുടെ കൂടെ എനിക്കും ഇറങ്ങാം,

വണ്ടി വീണ്ടും നീങ്ങി തുടങ്ങി, പതിയെ പതിയെ ടൗണിൽ കണ്ട വലിയ കെട്ടിടങ്ങൾ പിന്നിൽ മറഞ്ഞു, വീണ്ടും മലകളും താഴ് വാരങ്ങളും ഒക്കെ കാണാൻ തുടങ്ങി, എനിക്ക് ചെറുതായി സംശയം തോന്നി,
ശരിക്കും കാപ്പാൻ സിറ്റി കഴിഞ്ഞോ?, അതോ ഇനി മുന്നിലാണോ കാപ്പാൻ ടൗണിന്റെ പ്രധാന ഭാഗം? ,

ഞാൻ മിഖായേലിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, ഫോൺ കിട്ടുന്നില്ല, ഞാൻ ചെറുതായി വിരണ്ടു, കുറച്ചു ദൂരം കഴിഞ്ഞു വണ്ടി വഴിയരികിലെ ഒരു ചെറിയ റെസ്റ്റോറിന്റിന്റെ അടുത്തായി നിർത്തി, ആൾക്കാർ ചായകുടിക്കാനും ടോയ്‌ലറ്റിൽ പോകാനുമായി പുറത്തു ഇറങ്ങി, ഞാനും സംശയത്തോടെ പതിയെ പുറത്തിറങ്ങി, എൻ്റെ സംശയം നിറഞ്ഞ നിൽപ്പ് കണ്ടു കൂടെ യാത്ര ചെയ്തിരുന്ന ഒരാൾ പതിയെ അടുത്ത് വന്നു ഇംഗ്ലീഷിൽ ചോദിച്ചു, ഏതു രാജ്യത്തു നിന്നാണ്, ഞാൻ പറഞ്ഞു, ഇന്ത്യയിൽ നിന്നും, ചോദിച്ചയാളിന്റെ മുഖത്ത് സന്തോഷം, തുടർന്ന് അയാൾ ചോദിച്ചു, 'യു ടൂറിസ്റ്റ് '? ഞാൻ പറഞ്ഞു 'എസ്' , അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞ സന്തോഷം, തുടർന്ന് അയാൾ ഇങ്ങനെ പറഞ്ഞു, മൈ കൺട്രി ഈസ് വെരി ബ്യൂട്ടിഫുൾ, വെൽകം ടു മൈ കൺട്രി, വെൽക്കം ടു ഇറാൻ,

എൻ്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി, !!
കണ്ണിൽ നൂറു നക്ഷത്രങ്ങൾ ഒരുപോലെ മിന്നി മറഞ്ഞു,,, ' വെൽകം ടു ഇറാനോ ?? '

എൻ്റെ തൊണ്ട വരണ്ടു, ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു, എവിടെയാണ് നമ്മൾ,
ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു, വിഷമിക്കണ്ട  നമ്മൾ ഇറാൻ ബോർഡറിനടുത്തായി, ഇനി ഒരഞ്ചുമിനുറ്റുകൂടി പോയാൽ മതി, നമുക്ക് ബോർഡർ ക്രോസ്സുചെയ്യാം, തുടർന്ന് അയാൾ വീണ്ടും പറഞ്ഞു ' മൈ കൺട്രി ഈസ് ബ്യൂട്ടിഫുൾ"

എനിക്ക് കരയണോ ചിരിക്കണോ എന്നറിയാൻ വയ്യ !!

പക്ഷെ ഒരു കാര്യം മനസ്സിലായി ഞാൻ വന്ന വണ്ടിയുടെ അവസാന സ്റ്റോപ്പ് കാപ്പാൻ ടൌൺ അല്ല, ഇറാൻ ബോർഡർ ആണ്, അവസാന ടൌൺ കാപ്പാൻ ആണെന്നേയുള്ളൂ.

അപ്പോഴേക്കും മിഖായേലിന്റെ കാൾവന്നു , മിഖായേലും ഡ്രൈവറും കൂടി എന്നെ തപ്പി കാപ്പാൻ മുഴുവൻ കറങ്ങി മടുത്തു നിൽക്കുകയാണ് ,

ഞാൻ എൻ്റെ ദാരുണമായ അവസ്ഥ വിവരിച്ചു,

മിഖായേൽ പറഞ്ഞു, അംബു അവിടെ നിന്നും ഒരു ടാക്സി വിളിച്ചു ഇങ്ങോട്ടു വരുന്നതാവും നല്ലതു, അല്ലെങ്കിൽ ഒരുപാടു സമയം നഷ്ടമാകും.

ടാക്സിയോ ഈ മലഞ്ചെരുവിലോ ??

ഞാൻ പതിയെ ഇംഗ്ലീഷ് സിനിമകളിൽ കണ്ടു പഠിച്ച ലിഫ്റ്റ് ചോദിക്കൽ പരിപാടി പരീക്ഷിക്കാൻ തീരുമാനിച്ചു .. ബാഗും തോളിൽ തൂക്കി റോഡിന്റെ മറുവശത്തെത്തി എന്നിട്ടു അതുവഴി പാഞ്ഞു വരുന്ന കാറുകൾക്ക് കൈകാണിക്കാൻ തുടങ്ങി,

അങ്ങനെ അഞ്ചോ ആറോ കാറുകൾ പോയി കഴിഞ്ഞപ്പോൾ ഒരെണ്ണം നിർത്തി, അതിൽ കയറി കാപ്പാനിലേയ്ക്ക് തിരിച്ചു, അതിനിടയിൽ മിഖായേലുമായി ഈ കാറിന്റെ ഉടമയെക്കൊണ്ട് സംസാരിപ്പിച്ചു, എവിടെ എന്നെ എത്തിക്കണം എന്നറിയിച്ചു. ഒടുവിൽ വഴിതെറ്റി ഇറാനിന്റെ വക്കിലെത്തിയ ഞാൻ കുറച്ചു നേരത്തെ കഷ്ടപ്പാടിന് ശേഷം തിരിച്ചു കാപ്പാനിലെത്തി.

കാർ നിർത്തി ഇറങ്ങിയ സ്ഥലത്തു തന്നെ നമ്മുടെ ഡ്രൈവർ കാത്തു നിൽപ്പുണ്ട്, പക്ഷെ കക്ഷിക്കും ഇംഗ്ലീഷ് അറിയില്ല, അടുത്തെങ്ങും മിഖായേലിനെ കാണുന്നതും ഇല്ല, വീണ്ടും കഥകളി ആരംഭിച്ചു, ആംഗ്യഭാഷയിലും പഠിച്ചെടുത്ത അർമേനിയൻ ഭാഷയിലും അറിയാവുന്ന റഷ്യൻ ഭാഷയിലുമൊക്കെയായി ആശയ വിനിമയം നടന്നു, അപ്പോഴേക്കും മിഖായേലിന്റെ ഫോൺ വീണ്ടുമെത്തി, കൂടെ ദൂരെനിന്നും മിഖായേൽ കൈവീശി നടന്നു വരുന്നുണ്ട്.

നേരത്തെ പ്ലാൻ ചെയ്തതനുസരിച്ചു ഇനിയുള്ള ഒന്ന് രണ്ടു ദിവസം എൻ്റെ താമസം കാപ്പാൻ പ്രദേശത്തുള്ള ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിലായിരിക്കും, ഗ്രാമത്തിലുള്ള ഏതെങ്കിലും കുടുംബത്തിനോടൊപ്പം അവരുടെ വീട്ടിൽ പരിമിതമായ സൗകര്യത്തിൽ അവിടുത്തെ നാടൻ ഭക്ഷണവും കഴിച്ചു ഒന്ന് രണ്ടു ദിവസം കഴിയണം,

കേൾക്കുമ്പോൾ സുഖമുള്ളതാണെങ്കിലും, അത്ര നല്ല അവസ്ഥയായിരിക്കണം എന്നില്ല, പ്രത്യേകിച്ചും ഭക്ഷണം, എരിവോ പുളിയോ ഒന്ന്നുമില്ലാതെ പുഴുങ്ങിയെടുത്ത മാംസവും അതിന്റെ വെള്ളവും, ചുട്ട ഉരുളക്കിഴങ്ങും, റൊട്ടിയും തൈരും പിന്നെ വീട്ടിലുണ്ടാക്കിയ ചീസും ഒക്കെ യായി നാട്ടുകാരോടൊപ്പം കഴിയണം,
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, ഇതൊരു പുതുമയുള്ള കാര്യമല്ല, ഒരു വിധമുള്ള ഈ രാജ്യങ്ങളിലെ ഭക്ഷണം ബുദ്ധിമുട്ടില്ലാതെ ആസ്വദിച്ച് കഴിക്കുന്ന വ്യെക്തിയാണ് ഞാൻ. അതുപോലെ തന്നെ ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, സാധാരണ ഒരു മലയാളിയെ പോലെ രാവിലത്തെ ചായയും , ഉച്ചയൂണിനു കപ്പയും മീനും സാമ്പാറും ഒക്കെ വേണമെന്ന നിർബന്ധം എനിക്ക് പണ്ടേ ഇല്ല.

അങ്ങനെ, അറിയാതെ ഇറാൻ അതിർത്തി കാണാൻ പോയി ക്ഷീണിച്ചു തിരിച്ചെത്തിയ എന്നെയും കൂട്ടി മിഖായേലും ഡ്രൈവർ ഹയ്ക്കുവും ചേർന്ന് താൻസാവീർ എന്ന അവരുടെ ഗ്രാമത്തിലേക്ക് യാത്രയായി, കാപ്പാനിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്റർ ഉള്ളിലേയ്ക്ക് പോണം, യാത്ര ഹായിക്കുവിന്റെ ലാട കാറിൽ,

മലകളും താഴ്വരകളും നിറഞ്ഞ സുന്ദരമായ പ്രദേശങ്ങൾ, , ടാറുചെയ്യാത്ത കല്ലുകൾ ഇളകിക്കിടക്കുന്ന ഗ്രാമ പാതകയിലൂടെ ഹൈക്കുവിന്റെ ലാട കാർ പൊടി പറത്തി പായുകയാണ്, അങ്ങനെ  കുലുങ്ങി തെറിച്ചു പായുന്ന കാറിൽ ഇരുന്നു ഞാൻ വശങ്ങളിലെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കുകയായിരുന്നു,

മനോഹരങ്ങളായ പല പ്രകൃതി ദൃശ്യങ്ങളും കണ്ടിട്ടുള്ള എനിക്ക് ഈ യാത്രയിൽ കാണുന്ന താഴ്‌വരകൾ അതിമനോഹരങ്ങളായി തോന്നി, മുൻപ് ചില കലണ്ടറുകളിൽ കണ്ടിട്ടുള്ള പോലെ, അതിസുന്ദരമായ പ്രദേശങ്ങൾ,

ഇടയ്ക്കിടയ്ക്ക് ചില കാറുകൾ എതിരെ വരുന്നുണ്ട്, അതെല്ലാം ഓടിക്കുന്നവരും ഹൈക്കുവും തമ്മിൽ കൈയുയർത്തി കാണിച്ചും ഉച്ചത്തിൽ അഭിവാദ്യം ചെയ്തും കടന്നു പോകുന്നുണ്ട്, പക്ഷെ അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്, അതുവഴി കടന്നു പോയ കറുകളെല്ലാം ലാട കാറുകളാണ്,

കുറച്ചു കഴിഞ്ഞു നമ്മൾ ടാൻസാവേരിലെത്തി അവിടെയെല്ലാം എനിക്ക് പഴയതും, പൊളിഞ്ഞതും, എന്നാൽ ഒരുകുലുക്കവുമില്ലാതെ പാഞ്ഞു പോകുന്നതുമായ ലാട കാറുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു , വേറെ ഒരു കമ്പനിയുടെ കാറും ആ പ്രദേശത്തെങ്ങും കാണാനില്ല.

ലാട കാറുകൾ എന്നും പഴയ യൂ എസ് എസ് ആറിന്റെ ഓർമ പുതുക്കുന്ന വാഹനങ്ങളാണ്, വളരെ പഴക്കം ചെന്ന ലാട കാറുകൾ പോലും  ഇന്നും റഷ്യയുടെ ഭാഗമായിരുന്ന എല്ലാ രാജ്യങ്ങളിലും ഒരു കുലുക്കവുമില്ലാതെ ഓടി നടക്കുന്നുണ്ട്,

ലാട കാറുകളെ കുറിച്ച് കൂടുതൽ അറിയാനും അവയെ സശ്രദ്ധം  നോക്കിക്കാണാനും എനിക്ക് ആവേശമായതു ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറുമായുള്ള സഞ്ചാരത്തിലെ യാത്രകളാണ്, ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ചരിത്രത്തെയും ജീവിത രീതികളെയും സാമൂഹിക മാറ്റങ്ങളെയും എല്ലാം അതി സൂക്ഷ്മമായി അപഗ്രഥിച്ചു പഠിക്കുകയും അവയെല്ലാം ആവേശത്തോടെ മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യാൻ സന്തോഷ് ജോർജ് കുളങ്ങര സാർ കാണിക്കുന്ന താല്പര്യവും പരിശ്രമവും അദ്ദേഹത്തിന്റെ ആയിരക്കണക്കിന് പ്രേക്ഷകരെ പോലെ എന്നെയും ഏറെ സ്വാധീനിച്ചിട്ടുണ്ട് .

അർമേനിയയിൽ വെച്ച് ഞാനും സന്തോഷ് സാറും ചേർന്ന് ഒരു വൃദ്ധന്റെ ലാട കാറിൽ കയറി യാത്ര ചെയ്തത് ഓർക്കുന്നു ... അതെനിക്കൊരു ആവേശകരമായ അനുഭവം ആയിരുന്നു അതോടൊപ്പം മധേഷ്യയും യൂറോപ്പും വരെ പടർന്നു പന്തലിച്ചിരുന്ന റഷ്യയുടെ കമ്മ്യുണിസ്റ്റ് ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും,

ഒരിക്കൽ ലോകം അടക്കി വാഴാൻ വളർന്നു പിന്നെ തകർന്നു തരിപ്പണമായ യൂ എസ് എസ് ആറിന്റെ  കമ്മ്യുണിസ്റ്റ് ചരിത്രവും ഓർമകളും അവരുടെ വ്യവസായ ശൃംഖലകളും, ഇന്നും കിതച്ചും കുതിച്ചും പൊടി പറത്തി ഓടുന്ന   ലാട കാറുകളിലൂടെ പുതുതലമുറയെ എന്നെന്നും ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്നു.








Sunday, October 27, 2019

സ്വന്തം ഫാം ഹൌസിൽ സർപ്രൈസ് പാർട്ടി തന്നു ഞെട്ടിച്ച ലക്ഷപ്രഭു ആയ അർമേനിയൻ ടാക്സി ഡ്രൈവർ !!


ഓരോ അർമേനിയൻ യാത്രയും എനിക്ക് തരുന്നത് തികച്ചും അവിശ്വസനീയവും അവിസ്മരണീയവുമായ ഓർമകളാണ് !!

ഇപ്രാവശ്യത്തെ അർമേനിയൻ യാത്ര വെറും ടൂറിസം ബിസിനസിന് വേണ്ടി മാത്രമല്ല, എന്റെ ഫൈനൽ ഇയർ എൽ എൽ ബി കോഴ്‌സിന്റെ ഭാഗമായ ഇന്റേൺഷിപ്പ് ചെയ്യാൻ കൂടിയാണ്, രണ്ടു മാസത്തെ  ഇന്റേൺഷിപ് ചെയ്യുന്നതിന് വേണ്ടി യെർവാനിലെ ഒരു കമ്പനിയിൽ (Law Firm) എനിക്ക് അപ്പ്രൂവൽ കിട്ടിയിരുന്നു ,, അതനുസരിച്ചു സെപ്റ്റംബർ പതിനാറാം തീയതി തന്നെ ഞാൻ കമ്പനിയിൽ എത്തി ജോയിൻ ചെയ്തു ,,

പ്രധാനമായും ഞാൻ Law റിസർച്ച് സെക്ഷനിൽ ആണ് വർക്ക് ചെയ്യുന്നത് , അതനുസരിച്ചു റിസർച്ച് പേപ്പറുകൾ സമയാ സമയങ്ങളിൽ സമർപ്പിക്കണം,

കാര്യങ്ങൾ എല്ലാം കുഴപ്പമില്ലാതെ നടന്നു പോകുന്നു, കമ്പനി ഡയറക്ടർ ബോർഡും മറ്റു സ്റ്റാഫുകളും എന്റെ ജോലിയിൽ സംതൃപ്തരുമാണ് ..

അങ്ങനെയിരിക്കെ ഇന്ത്യയിൽ നിന്നും എന്റെ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി അർമേനിയയിൽ എത്തി, ഇദ്ദേഹം ഒരു യുവ കർഷകനാണ്, ഉത്തർ പ്രദേശിൽ സ്വന്തമായി ഫാർമിംഗ് സംരംഭങ്ങളൊക്കെ ഉണ്ട് ,, പേര് തുഷാർ,
തുഷാർ അർമേനിയയിൽ തന്റെ ഒരു ബന്ധുവിന് വേണ്ടി ചില ഡോക്യൂമെന്റുകൾ എത്തിക്കാൻ വേണ്ടിയാണു വന്നത് ,

താമസം എന്റെയും സുഹൃത്തുക്കളുടെയും കൂടെ അപ്പാർട് മെന്റിൽ , എന്റെ തിരക്ക് കാരണം തുഷാറിനെയും കൂട്ടി പുറത്തെങ്ങും കറങ്ങാൻ സാധിച്ചില്ല ,,

വീട്ടിലിരുന്നു മുഷിഞ്ഞ തുഷാറിന്റെ അപേക്ഷ കണക്കിലെടുത്തു പുറത്തൊന്നു കറങ്ങാം എന്ന് ഞാനും തീരുമാനിച്ചു

പതിവുപോലെ ഔട്ടിങ്ങിനായി തയ്യാറായി ഞാൻ ഫോണിൽ ടാക്സി ബുക്ക് ചെയ്തു , ടാക്സി എത്തി ഡ്രൈവർ ഫോൺ ചെയ്തു,,  ഞാനും തുഷാറും ലിഫ്റ്റിൽ കയറി താഴെയെത്തി ,

താഴെ ഡ്രൈവറും കാറും കാത്തു കിടപ്പുണ്ട്, ഒരു പഴയ സിൽവർ കളർ മെർസിഡെൻസ് ബെൻസ് ഇ ക്ലാസ് കാർ ആണ്, ഡ്രൈവർ മുടി പറ്റവെട്ടി, സുമുഖനായ ചുറുചുറുക്കുള്ള ഒരു അർമേനിയക്കാരൻ, ഏകദേശം നാൽപതു വയസ് പ്രായം വരും

ഞങ്ങൾ രണ്ടു പേരും കാറിന്റെ പിൻസീറ്റിൽ കയറി ഇരുന്നു, ഇന്ന് ഞങ്ങൾക്ക് അർമേനിയൻ ടൂറിനു പോണം അതിനാൽ ഖോർ വിരിപ്പും , വകർഷപതും കണ്ടു തിരിച്ചു വരാം എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു

ഒന്ന് രണ്ടു സെക്കന്റ് ആലോചിച്ച ശേഷം ഡ്രൈവർ പറഞ്ഞു , ഖോർ വിറപ് ഒഴിവാക്കി ഗാർണിയും ഗഗാർഡും കാണാം, കാരണം നമുക്ക് വകര്ഷപതിനോടൊപ്പം ഇവയും  ഒരേ റൂട്ടിൽ പൂർത്തിയാക്കാം അതിനാൽ സമയവും ദൂരവും ലാഭിക്കും,, ഞാനും ഡ്രൈവറുടെ അഭിപ്രായം അംഗീകരിച്ചു

അങ്ങനെ, ആദ്യമായി അർമേനിയയിൽ എത്തിയ തുഷാറിന് വേണ്ടി അർമേനിയൻ ടൂർ ആരംഭിച്ചു

യാത്ര വളരെ രസകരമായിരുന്നു, എങ്ങും ഒരു ബുദ്ധിമുട്ടും നേരിട്ടില്ല, എല്ലായിടത്തും നമ്മുടെ ഡ്രൈവർ ഇടിച്ചുകേറി കാര്യങ്ങൾ ലളിതമായി സാധിച്ചെടുക്കും , എങ്ങും കാത്തുനിൽകേണ്ടി വന്നില്ല

പതിയെ പതിയെ നമ്മൾ നല്ല സുഹൃത്തുക്കളായി, നമ്മുടെ ഡ്രൈവറുടെ പേര്, എഡ്‌ഗാർ , എഡോ എന്ന് വിളിക്കും ,, കക്ഷി അർമേനിയൻ സൈന്യത്തിൽ പട്ടാളക്കാരനായിരുന്നു ഇപ്പോൾ ബിസിനസ് ചെയ്യുന്നു , ഈ അടുത്താണ് വിവാഹം കഴിച്ചത്, ഭാര്യ അമേരിക്കയിൽ ജോലി ചെയ്യുന്നു , ഇപ്പോൾ അർമേനിയയിൽ അവധി ആഘോഷിക്കാനായി എത്തിയിട്ടുണ്ട് ,

സംസാര മദ്ധ്യേ എഡ്‌ഗാർ പറഞ്ഞു എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഉണ്ട് നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി ഞാൻ സഹായിക്കാം ,,

അപ്പോഴേക്കും അർമേനിയയുമായി പ്രണയത്തിലായി കഴിഞ്ഞ തുഷാർ ഒന്നും ആലോചിക്കാതെ ആവേശത്തോടെ ചോദിച്ചു, എനിക്കൊരു അഗ്രികൾച്ചറൽ ഫാം കാണണമെന്നുണ്ട് , കഴിയുമെങ്കിൽ ഒരു ഓർഗാനിക് ഫാം, തുഷാർ ഏകദേശം തന്റെ കാർഷിക വൃത്തി അർമേനിയിലേയ്ക്ക് വ്യാപിപ്പിയ്ക്കാൻ തീരുമാനിച്ചു ഉറപ്പിച്ച പോലെയായിരുന്നു .

മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ എഡ്ഗാർ പറഞ്ഞു, കുഴപ്പമില്ല നാളെ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ നമുക്ക് ഒരു ഫാം സന്ദർശിക്കാം.

വകർഷപാത് കണ്ടു ഗാർണിയിലേയ്ക്ക് പോകും വഴി യെർവാൻ സിറ്റിയിലെത്തി എഡ്ഗാർ കാർ ഒരു അപ്പാർട് മെന്റിന്റെ താഴെ കൊണ്ട്  നിർത്തി എന്നിട്ടു ഞങ്ങളോട് പറഞ്ഞു ഒരഞ്ചു മിനിറ്റു വെയിറ്റ് ചെയ്യൂ,

 ഒരു അപ്പാർട് മെന്റിന്റെ കച്ചവടമാണ്, സംസാരിച്ചിട്ട് ഇപ്പോൾ വരാം, എന്നിട്ടു ആ കെട്ടിടത്തിലേക്ക് കയറിപ്പോയി, എനിക്കും അതുപോലെ തുഷാറിനും ചെറുതായി ദേഷ്യം തോന്നി, ഞങ്ങൾ ടൂറിനു വിളിച്ച ഡ്രൈവർ അയാളുടെ ബിസിനെസ്സിനായി ഞങ്ങളെ വെയിറ്റ് ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ ,, എങ്കിലും ഞങ്ങൾ രണ്ടുപേരും ആ ദേഷ്യം പുറത്തു കാണിച്ചില്ല.

അന്ന് വൈകുന്നേരം ആയപ്പോഴേയ്ക്കും ഗാർണിയും ഗെഗാർഡും ഒക്കെ കാണിച്ചു എഡ്ഗാർ നമ്മളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അതോടൊപ്പം നാളെ ഉച്ചയോടു കൂടി റെഡി ആയി നിൽക്കാൻ ഓർമിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം പറഞ്ഞുറപ്പിച്ച പോലെ ഉച്ചക്ക് കൃത്യം ഒരു മണിയോടുകൂടി എഡ്‌ഗാറിന്റെ ഫോൺ വന്നു, താൻ അപ്പാർട് മെന്റിന്റെ താഴെ എത്തിയിട്ടുണ്ട്, വേഗം താഴേക്ക് വരാൻ.

ഞാനും തുഷാറും റെഡി ആയി പതിയെ താഴെ എത്തി, കാറിൽ കയറുമ്പോൾ അതാ കാറിൽ എഡ്‌ഗാറിന്റെ ഭാര്യയുമുണ്ട്, അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും , വളരെ പെട്ടന്ന് തന്നെ ഞങ്ങളെല്ലാവരും സുഹൃത്തുക്കളെ പോലെയായി,

കാർ യെർവാൻ സിറ്റിയുടെ പുറത്തെത്തി, എഡ്ഗാർ സെവാൻ ലേക്കിന്റെ ദിശയിലേക്കുള്ള ഹൈവെയിലൂടെ കാർ പായിച്ചു വിടുകയാണ്. എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾ ചോദിച്ചതുമില്ല എഡ്ഗാർ പറഞ്ഞതുമില്ല,

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാർ ഒരു ഫാം ഹൌ സിന്റെ മുന്നിലെത്തി നിന്നു, എഡ്ഗാർ ചാവിയെടുത്തു ഗേറ്റ് തുറന്നു, കയറിച്ചെന്നത് ഒരു കുഞ്ഞു ബംഗ്ലാവിന്റെ മുറ്റത്തേയ്ക്ക്, വീടിനു ചുറ്റും ആപ്പിൾ, ആപ്രിക്കോട്ട്, വാൾനട്ട്, തുടങ്ങിയ വിവിധതരം ഫല വൃക്ഷങ്ങൾ, ബംഗ്ലാവിന്റെ പിറകിലായി ബാർബിക്യു ചെയ്യാനുള്ള വലിയ അടുപ്പു, അതിനു പിറകിലായി വിശാലമായ സ്‌ട്രാബെറി, ആപ്പിൾ, ആപ്രികോട് കൃഷിയിടം.

എഡ്‌ഗാറിന്റെ ഭാര്യ അപ്പോഴേക്കും അർമേനിയൻ കോഫിയും, കുറച്ചു വാൾനട്ടും, ചോകൊലെറ്റുകളുമായി നമ്മളുടെ അടുത്തേയ്ക്കു വന്നു, മുറ്റത്തു നിൽക്കുന്ന ഒരു ആപ്പിൾ ചെടിയുടെ കീഴിൽ ഇട്ടിരിക്കുന്ന കസേരകളിലായി ഞങ്ങൾ ഇരുന്നു, കോഫി കുടിക്കാൻ തുടങ്ങി,

ഇത്രയും ആയപ്പോഴേയ്ക്കും ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, ഈ വീടും പുരയിടവും ഒക്കെ വേറെ ആരുടേതുമല്ല, എഡ്‌ഗാറിന്റെ സ്വന്തമാണ്,

അതുപോലെ തന്നെ ഇന്നലെ ഇടയ്ക്കു നിർത്തി കയറിപ്പോയ യെർവാനിലെ അപ്പാർട് മെന്റ് മറ്റാർക്കും വേണ്ടി വിൽക്കാനല്ലായിരുന്നു , എഡ്ഗാറിനും ഭാര്യയ്ക്കും സ്വന്തമായി മേടിക്കാൻ വേണ്ടി ആയിരുന്നു, അതിന്റെ കച്ചവടം നടത്തി പൈസയും നൽകി വരുന്ന വഴിക്കാണ് എന്നെയും തുഷാറിനെയും കൂടെ കൂട്ടിയത്, ഇന്ന് എഡ്ഗാർ മേടിച്ച അപാർട്മെന്റിന്റെ വില ഒരു ലക്ഷത്തി ഇരുപതിനായിരം യു എസ് ഡോളർ (ഏകദേശം എൺപത്തിനാല് ലക്ഷം രൂപ)

ചായസൽക്കാരം നടക്കുന്നതിനിടയിൽ എഡ്ഗാർ ബാർബിക്യു അടുപ്പിനു തീകൊളുത്തി, യെർവാനിൽ നിന്നും വാങ്ങി കൊണ്ടുവന്ന പോർക്കും, മഷ്‌റൂമും ഒക്കെ ബാർബിക്യു ചെയ്യാനായി തയ്യാറാക്കി, കൂടെ ഹോം മെയ്‌ഡ്‌ ആപ്പിൾ വോഡ്‌കയും .

തണുത്ത കാറ്റ് വീശുന്ന ഈ തെളിഞ്ഞ സായാഹ്നത്തിൽ, അർമേനിയയിലെ ഒരു ഫാം ഹൌ സിന്റെ മുറ്റത്തു ആപ്പിൾ മരത്തിന്റെ ചോട്ടിൽ ലക്ഷ പ്രഭുവായ  അർമേനിയൻ ടാക്സിക്കാരന്റെ അതിഥികളായി ആപ്പിൾ വോഡ്കയും, പോർക്ക് ബാർബിക്യുവും വാൾനട്ടും ചോക്‌ലേറ്റുമൊക്കെയായി അവിസ്മരണീയമായ ഒരു സായാഹ്നം പങ്കിടുമ്പോൾ, ഞാനും തുഷാറും അത്ഭുതവും ജാള്യതയും മറയ്ക്കാൻ ഒരുപാടു കഷ്ടപ്പെടുന്നുണ്ടായിരുന്നു .











Monday, March 18, 2019

ലോകത്തിലെ ആദ്യ ക്രിസ്തീയ രാജ്യമായ അർമേനിയയുടെ, ചരിത്ര വേരുകൾ തേടി ഒരു യാത്ര !!

ഇന്നെൻറെ അർമേനിയൻ യാത്രയുടെ നാലാം നാൾ !!

ഇന്നത്തെ യാത്ര അർമേനിയ യുടെ ക്രിസ്തീയ ചരിത്രത്തിന്റെ വേരുകൾ തേടിയാണ് ,,,

എല്ലാവർക്കും അറിയാം അർമേനിയായാണ് ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യം , എന്ന് വെച്ചാൽ കൃസ്ത്യാനിറ്റി ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ആദ്യ രാജ്യം !!

അർമേനിയ ഭരിച്ചിരുന്ന തിരിഡേറ്റ് മൂന്നാമൻ എന്ന പാഗൻ രാജാവാണ് AD  301 ഇൽ അർമേനിയയെ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിക്കുന്നതു, താൻ ക്രിസ്തുമതം സ്വകരിച്ചതോടൊപ്പം അദ്ദേഹം തൻറെ പ്രജകളെയും    ക്രിസ്ത്യാനിറ്റിയിലേയ്ക്ക് പൂർണമായും മതം മാറ്റി

എന്തൊക്കെ യാണ്  ഇതുപോലെയൊരു മഹത്തായ മതം മാറ്റത്തിലേയ്ക്ക് ചെന്നെത്തിച്ച സംഭവ വികാസങ്ങൾ  ,, എവിടെയൊക്കെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത് ,, ഇങ്ങനെയുള്ള സ്വാഭാവിക സംശയങ്ങളുടെ ദൂരീകരണമാണ് ഇന്നത്തെ യാത്രയുടെ ലക്‌ഷ്യം

ആദ്യം സന്ദർശിക്കാൻ തിരഞ്ഞെടുത്ത സ്ഥലം " ഖോർ വിരാപ് " ആണ്, കാരണം ഖോർ വിരാപ് മൊണാസ്റ്ററി നിൽക്കുന്ന സ്ഥലത്തു നിന്നാണ് അർമേനിയയുടെ ക്രിസ്തീയ വൽക്കരണത്തിന്റെ ആദ്യ കഥ തുടങ്ങിയത്

AD മൂന്നാം നൂറ്റാണ്ടുകളിൽ ശക്തമായ പേഗൻ സംസ്കാരം നിലനിന്നിരുന്ന അർമേനിയായിലേയ്ക്ക് ക്രിസ്തീയ മതം പ്രചരിപ്പിക്കാനായി എത്തിയ ഗ്രിഗറി ലുസാറോവിച് എന്ന ക്രിസ്തീയ മിഷനറിയിൽ നിന്നാണ് അർമേനിയയുടെ ക്രിസ്തീയ  ചരിത്രം ആരംഭിക്കുന്നത്

തൻറെ രാജ്യത്തു ക്രിസ്തു മതം പ്രചരിപ്പിക്കാനെത്തിയ ഗ്രിഗോറി ലുസാറോവിച് എന്ന ക്രിസ്തീയ മിഷനറിയെ അന്നത്തെ അർമേനിയൻ രാജാവായ തിരിഡേറ്റ് മൂന്നാമൻ ബന്ദിയാക്കി പിടിച്ചു ഇന്നത്തെ ഖോർ വിരാപ് മൊണാസ്റ്ററി നിൽക്കുന്ന സ്ഥലത്തു ഉണ്ടായിരുന്ന പേഗൻ ക്ഷേത്രത്തിനടുത്തായി 20 അടിയോളം താഴ്ച്ചയുള്ള ഇടുങ്ങിയ ഒരു കിടങ്ങിനുള്ളിൽ തടവിലാക്കി. ഒരു മനുക്ഷ്യന് കഷ്ടിച്ച് ഇറങ്ങി നിക്കാൻ മാത്രം  സാധിക്കുന്ന ഈ കുഴിയിൽ ഏകദേശം പതിമൂന്നു വർഷത്തോളം ഗ്രിഗറി തടവിൽ കഴിഞ്ഞു

ക്രിസ്തുമതം പ്രചരിപ്പിക്കാൻ വന്നു എന്നത് മാത്രമല്ല ഗ്രിഗറി യോട് തിരിഡേറ്റ് മൂന്നാമന് ശത്രുത ഉണ്ടാവാൻ കാരണം, തിരിഡേറ്റ് മൂന്നാമെന്റെ അച്ഛൻ കോസ്ററോവ് രണ്ടാമനെയും അമ്മയെയും ചതിച്ചു കൊന്നത് ഗ്രിഗറിയുടെ അച്ഛനായിരുന്നു പാർഥിയാൻ രാജാവ് അനക് ആയിരുന്നു,

എന്നാൽ കപ്പഡോസ എന്ന സിസേറിയൻ നഗരത്തിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ പരിശുദ്ധ പിതാവ് ഫിർമിലിയാനോസിന്റെ കീഴിൽ ക്രിസ്തീയ വിദ്യാഭ്യാസം നേടിയ ഗ്രിഗറി തൻറെ അച്ഛൻ ചെയ്ത പാപത്തിനു പ്രായശ്ചിത്തം എന്നോണം  അർമേനിയയിലെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റുക എന്ന ആഗ്രഹുമായാണ് അർമേനിയയിൽ എത്തിയത്

അഴുക്കും വിഷ സർപ്പങ്ങളും ക്ഷുദ്ര ജീവികളും ഒക്കെ നിറഞ്ഞ കിടങ്ങിൽ മരണത്തെ അതിജീവിച്ചു ഗ്രിഗറി കാലങ്ങൾ തള്ളിനീക്കി ,, വർഷങ്ങൾ പോകെ പോകെ എല്ലാവരും ഗ്രിഗറിയെ മറന്നു,

അങ്ങനെയിരിക്കെ ഏകദേശം പതിമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ അർമേനിയയിൽ മനുഷ്യ മനസാക്ഷിയെ നടുക്കുന്ന അതി ദാരുണമായ ഒരു സംഭവം അരങ്ങേറി,

റോമിൽ നിന്നും ദയക്ലതിയൻ രാജാവിന്റെ വിവാഹ അഭ്യർത്ഥനെയെ നിരാകരിച്ചതിൽ നിന്നുമുള്ള പ്രതികാരം ഭയന്ന് ഹ്രിപ്‌സിം എന്ന അതി സുന്ദരിയായ ഒരു കന്യാസ്ത്രീയും അവരുടെ നേതാവ് ഗയാന എന്ന കന്യാസ്ത്രീയും കൂടെ വേറെ മുപ്പത്തിയാറോളം കന്യാസ്ത്രീകളും ചേർന്ന്  അർമേനിയിലേയ്ക്ക് ഒളിച്ചോടി,

എന്നാൽ തൻറെ ആത്മാർഥ സുഹൃത്തായ തിരിഡേറ്റ് മൂന്നാമനെ ദയക്ലതിയൻ രാജാവ് ഈ കന്യാസ്ത്രീകൾ അർമേനിയയിൽ ഒളിച്ചു താമസിക്കുന്ന വിവരം സന്ദേശ വാഹകർ മൂലം അറിയിച്ചു,

വളരെ പെട്ടന്ന് തന്നെ തിരിഡേറ്റ് മൂന്നാമൻറെ പടയാളികൾ വഖർഷാപത് എന്ന തങ്ങളുടെ തലസ്ഥാന നഗരിയിൽ ഒളിച്ചു താമസിച്ചിരുന്ന ഗയാനയെയും ഹ്രിപ്സിമിനെയും മറ്റു കന്യാസ്ത്രീകളും കണ്ടെത്തി തിരിഡേറ്റ് മൂന്നാമൻറെ മുന്നിൽ എത്തിച്ചു, അതിസുന്ദരിയായ ഹ്രിപ്സിനിൽ ആകൃഷ്ടനായ തിരിഡേറ്റ് അവരോടു വിവാഹ അഭ്യർത്ഥന നടത്തി എന്നാൽ ദയക്ലതിയൻ രാജാവിനോട് പ്രതികരിച്ചതുപോലെ തന്നെ ഹ്രിപ്‌സിം തിരിഡേറ്റ് മൂന്നാമൻറെയും വിവാഹ അഭ്യർഥന നിരസിച്ചു.

ഇതിൽ കോപിഷ്ഠനായ തിരിഡേറ്റ് രാജാവും അദ്ദേഹത്തിന്റെ പടയാളികളും ചേർന്ന് ഹ്രിപ്സിനെയും ഗയാനയെയും മറ്റു കന്യാസ്ത്രീകളെയും അതി ക്രൂരമായി ഉപദ്രവിക്കുകയും തുടർന്ന് കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു

ഈ കൂട്ടക്കുരുതി കഴിഞ്ഞതോടെ രാജാവിന്റെയും കൊലപാതകത്തിൽ പങ്കെടുത്ത പടയാളികളുടെയും മാനസിക ആരോഗ്യ നിലകൾ തെറ്റാൻ തുടങ്ങി,

മാരക രോഗം ബാധിച്ചു തിരിഡേറ്റ് രാജാവ് കിടപ്പിലായി

ആ സമയം രാജാവിന്റെ സ്വപ്നത്തിൽ വർഷങ്ങൾക്കു മുൻപ് താൻ തടവിലാക്കിയ ഗ്രിഗറിയുടെ ദർശനം ഉണ്ടാവുകയും, ഗ്രിഗറിയെ തടവിൽ നിന്നും മോചിപ്പിച്ചാൽ മാത്രമേ തൻറെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്ന ഒരു വിശ്വാസവും ഉണ്ടാകുകയും ചെയ്തു, അതിനിടയിൽ  തിരിഡേറ്റ് മൂന്നാമൻറെ പത്‌നി ആഷ്കെൻ, ഗ്രിഗറിയെ മോചിപ്പിക്കാനായി തിരിഡേറ്റ് മൂന്നാമനെ നിർബന്ധിക്കുകയും ചെയ്തു

ഒടുവിൽ വകർഷാപതിൽ വെച്ച് തടവിൽ നിന്നും മോചിപ്പിക്ക പെട്ട ഗ്രിഗോറിയും തിരിഡേറ്റ് മൂന്നാമനും കണ്ടുമുട്ടുകയും തുടർന്ന് ഗ്രിഗോറിയുടെ ഉപദേശം അനുസരിച്ചു തിരിഡേറ്റ് മൂന്നാമൻ  ക്രിസ്ത്യൻ മതം സ്വീകരിക്കുകയും ചെയ്തു, അതോടെ ഗ്രിഗറി ലുസാറോവിച് എന്ന ക്രിസ്ത്യൻ മിഷനറി പരിശുദ്ധനായി വാഴത്തപ്പെടുകയും സെന്റ് ഗ്രിഗറി ദി ഇല്ല്യൂമിനേറ്റർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു

ക്രിസ്തീയ മതം സ്വീകരിച്ചതോടെ തിരിഡേറ്റ് മൂന്നാമൻ സെന്റ് ഗ്രിഗറിക്കു രാജ്യമൊട്ടാകെ ക്രിസ്തീയ മതം പ്രചരിപ്പിക്കാനും സർവരെയും ക്രിസ്തു മതത്തിലേക്ക് മാറ്റം ചെയ്യുന്നതിനുമുള്ള  അധികാരം നൽകുകയും തൻറെ തലസ്ഥാന നഗരമായ വഖർഷാപതിൽ ഒരു കത്തീഡ്രൽ നിർമിക്കുകയും ചെയ്തു,

ഈ കത്തീഡ്രൽ  അറിയപ്പെടുന്നത് എട്മിയാചിൻ കത്തീഡ്രൽ എന്ന പേരിലാണ്, ഈ കത്തീഡ്രലിലാണ് ജീസസ് ക്രൈസ്റ്റിനെ ക്രൂശിക്കാൻ ഉപയോഗിച്ച ഹോളി സ്പിയർ സൂക്ഷിച്ചിരിക്കുന്നത്

ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കത്തീഡ്രൽ ആണ് ഏറ്റ്മിയാചിൻ കത്തീഡ്രൽ, അതോടൊപ്പം കന്യാസ്ത്രീകളെയും ഗായനെയെയും ഹ്രിപ്സിമിനെയും വാഴ്ത്തപ്പെട്ടവരായി അംഗീകരിക്കുകയും അവർക്കായി വെവ്വേറെ ചർച്ചുകൾ നിർമിക്കുകയും ചെയ്തു

ഇതിൽ സെൻറ് ഗയാന ചർച്ചും ഏറ്റ്മിയാചിൻ കത്തീഡ്രലും തമ്മിൽ അറുനൂറു (600m) മീറ്റർ ദൂരം മാത്രമേയുള്ളു എന്നുവെച്ചാൽ ഈ രണ്ടു സ്ഥലങ്ങളും നമുക്ക് നടന്നു തന്നെ കാണാം

ഏറ്റ്മിയാചിൻ കത്തീഡ്രലിൽ നിന്നും യെരെവാൻ സിറ്റിയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം ഒന്നര കിലോമീറ്റർ കഴിയുന്നിടത്താണ് സെൻറ് ഹ്രിപ്‌സിം ചർച്ച് അവിടെ നിന്നും അതേവഴിയിൽ യെരെവാനിലേക്ക് പോകുമ്പോൾ യെരെവാൻ എയര്പോര്ട്ടിനടുത്തായാണ് സെൻറ് ഗ്രിഗറി യും തിരിഡെറ്റ്സ് മൂന്നാമനും കണ്ടുമുട്ടിയ സ്ഥലം ഉള്ളത് ,

ഈ സ്ഥലത്തു വെച്ചാണ് തിരിഡെറ്റ്സ് മൂന്നാമൻ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ തീരുമാനിക്കുന്നത് , അവിടെ ഒരു കത്തീഡ്രൽ നിർമിച്ചിരുന്നു എങ്കിലും ഇന്നതിന്റെ കുറച്ചു തൂണുകളും കെട്ടിടാവശിഷ്ടങ്ങളും  മാത്രമേ അവശേഷിക്കുന്നുള്ളൂ ,,

ഈ പ്രദേശത്തെ സവർത്തനോട്സ് കത്തീഡ്രൽ എന്നാണ് അറിയപ്പെടുന്നത് , ഈ പേര് തന്നെയാണ് യെരെവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നൽകിയിരിക്കുന്നത്

അങ്ങനെ ഖോർവിരാപ് മൊണാസ്ട്രിയിൽ തുടങ്ങി സ്‌വർത്തനോട്സ് കത്തീഡ്രലിന്റെ ബാക്കി ശേഷിപ്പിലെത്തിനിൽക്കുമ്പോൾ അർമേനിയ എന്ന ചരിത്രഭൂമിയും, പ്രൗഢ ഗംഭീരമായ അവരുടെ ആരാധനാലയങ്ങളും , ആശ്ചര്യം ജനിപ്പിക്കുന്ന ചരിത്ര വഴികളും, നൊമ്പരപ്പെടുത്തുന്ന കഥകളും, അത്ഭുതം പ്രവർത്തിച്ച ഈശ്വര ചൈതന്യവും ഒക്കെ  ചേർന്നു ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യത്തിൻറെ ചരിത്രം മനസിൻറെ അടിത്തട്ടിൽ കല്ലിൽ കൊത്തിയിട്ട ചിത്രം പോലെ ഒരിക്കലും മായാത്ത ഓർമയായി അവശേഷിക്കുന്നു










Monday, February 18, 2019

അത്ഭുതപെടുത്തിയ അർമേനിയയിലെ ഗുഹാഗ്രാമം "ഖൻഡ്‌സോറസ്‌ക്"

വെളിപ്പിന് കൃത്യം ആറരയ്ക്ക് തന്നെ ഫോണിൽ നിന്നും അലാറം മുഴങ്ങി, ഉറക്കചെവിടോടെ ഞാൻ ബ്ലാങ്കറ്റിൽ നിന്നും തല പുറത്തേക്കിട്ടു, ഫോണെടുത്തു അലാറം ഓഫ് ചെയ്തു ,, പാതി തുറന്നിട്ട ജനാലയിൽ നിന്നും നല്ല സൂര്യ പ്രകാശവും അതോടൊപ്പം തണുത്ത കാറ്റും മുറിയിലേയ്ക്കു അരിച്ചിറങ്ങുന്ന,, ഏഴരയ്ക്ക് തന്നെ എത്തി റിപ്പോർട്ട് ചെയ്യണം എന്ന കർക്കശ നിർദേശമാണ് ടൂർ കമ്പനിയിൽ നിന്നും നൽകിയിരിക്കുന്നത് ,,

ഇന്നെന്തായാലും സമയത്തു തന്നെ എത്തണം, ഞാൻ വെപ്രാളപ്പെട്ട് തയ്യാറായി ,, കിച്ചണിലെത്തി കെറ്റിൽ ചൂടാക്കി ഒരു കാപ്പിയിട്ടു , അത് കുടിക്കുന്നതിനുള്ളിൽ  കാമറയും, ഫോണും പേഴ്‌സുമൊക്കെ എടുത്തു ഷോൾഡർ ബാഗിൽ വെച്ച്, ഫോണിൽ ടാക്സി ബുക്ക് ചെയ്തു, തിരക്കിട്ടു പുറത്തേക്കിറങ്ങുന്നതിനിടയിൽ, സുഹൃത്തും കസിനുമായ അനീജിനെ വിളിച്ചു വാതിലടച്ചേയ്ക്കാൻ പറഞ്ഞു ,,

ധൃതിയിൽ ലിഫ്റ്റിൽ കയറി താഴെ എത്തിയപ്പോഴേയ്ക്കും ടാക്സി എനിക്കായി കാത്തു കിടപ്പുണ്ട് ,,

ടാക്സിക്കാരൻ പതിവുപോലെ അർമേനിയൻ ഭാഷയിൽ എന്തോ ചോദിച്ചു , ഭാഷ മനസ്സിലായില്ല എങ്കിലും ചോദിച്ചത് എന്താണ് എന്ന് ഞാൻ ഊഹിച്ചു ,, ഉടൻ തന്നെ ടൂർ കമ്പനി തന്ന ബുക്കിംഗ് സ്ലിപ് ഞാൻ ടാക്സി ഡ്രൈവറെ കാണിച്ചു , അതിൽ കുറിച്ചിരുന്നു ലൊകേഷനിൽ പോണം എന്ന് ഞാൻ ആംഗ്യഭാഷയിലും അറിയാവുന്ന റഷ്യൻ ഭാഷയിലും പറഞ്ഞു മനസ്സിലാക്കി ,, ചിരി വിടർന്ന മുഖവുമായി ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി ...

ഞാൻ ഇപ്പോൾ അർമേനിയയിലാണ്‌ ,, നോഹയുടെ വിശുദ്ധ ഭൂമി ,, ലോകത്തിലെ ഏറ്റവും സുന്ദരിമാരായ പെൺകുട്ടികളുടെ നാട്, ആപ്രികോട് എന്ന പഴം ഉത്ഭവിച്ച രാജ്യം, ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ മയക്കിയ കൊണ്ണിയാക്കിന്റെ സ്വന്തം നാട് ,,,

അർമേനിയിൽ കാലുകുത്തിയിട്ടു ഇന്നേക്ക് നാല് നാൾ ആയി, ഒരു സുഹൃത്തുമായി അദ്ദേഹത്തിന്റെ മകന്റെ ബിരുദ ദാന ചടങ്ങിനായി ബൾഗേറിയയിൽ പോയി അവിടെനിന്നും ഏഥൻസ് വഴിയാണ് അർമേനിയയിൽ എത്തിയത്, ഇവിടെ സിറ്റിയിൽ കസിന്റെ കമ്പനി വക അപ്പാർട്ട് മെൻറ്റിൽ താമസം,, കസിനും സുഹൃത്തുക്കളും  എരവനിലെ ഒരു മെഡിക്കൽ കോളേജിന്റെ സഹ നിക്ഷേപകരാണ്, ഇന്ത്യയിൽ നിന്നും ഒരുപാടു കുട്ടികൾ ഈ കോളേജുകളിൽ എം ബി ബി എസ് പഠിക്കാനായി വരുന്നുണ്ട്

എൻറെ അർമേനിയൻ യാത്രയുടെ ലക്‌ഷ്യം വെറും സഞ്ചാരം മാത്രമല്ല , എൻറെ ടൂറിസം വ്യവസായം അർമേനിയയിൽ വ്യാപിപ്പിക്കുവാനുള്ള പ്രാരംഭ നടപടി കൂടെയാണ്

കഴിഞ്ഞ നാല് ദിവസമായി തിരക്കിട്ട ചർച്ചകളും മീറ്റിംഗുകളും എഗ്രിമെന്റ് ഒപ്പിടലും, രാത്രി വൈകി ഡിന്നറും, ക്ലബ് പാർട്ടികളുമായി ദിവസങ്ങൾ പോയതറിഞ്ഞില്ല...

ശരിക്കും അർമേനിയയുടെ ആത്മാവിലേക്കിറങ്ങി സഞ്ചരിക്കാൻ .., അർമേനിയയുടെ ചരിത്ര പ്രൗഢിയും സംസ്കാരവും ജീവിത രീതികളും പ്രകൃതി മനോഹാരിതകളും അത്ഭുതങ്ങളും നേരിട്ടറിയാനും സമയം കിട്ടിയതേയില്ല.

എന്തായാലും ഇന്നുമുതൽ തുടങ്ങുകയായി,,

ഇന്ന് അർമേനിയയുടെ കിഴക്കൻ അതിർത്തിയിലേക്കാണ് യാത്ര, "തതേവ്‌ മൊണാസ്‌ട്രി" കാണാൻ,

ഞാൻ നിൽക്കുന്ന അർമേനിയയുടെ തലസ്ഥാന നഗരമായ യെരേവൻ സിറ്റിയിൽ നിന്നും  ഏകദേശം അഞ്ചുമണിക്കൂറോളം യാത്രചെയ്തുവേണം തതെവിൽ എത്താൻ

ഓരോരോ കാര്യങ്ങൾ ഓർത്തിരുന്നു ടൂർ ഡിപ്പാർച്ചർ പോയിന്റിൽ എത്തിയതറിഞ്ഞില്ല, ഡ്രൈവർക്കു പൈസയും കൊടുത്തു ടാക്സിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി , കുറച്ചു മാറി ഒന്നുരണ്ടു മിനിബസ്സുകളും കുറച്ചാൾക്കാരും കൂടിനിൽക്കുന്നു, അങ്ങോട്ടേയ്ക്ക് നടന്നു, അടുത്തെത്തിയപ്പോഴേ മനസ്സിലായി ഇത് ഞാൻ ബുക്ക് ചെയ്ത കമ്പനിയുടെ വണ്ടികൾ തന്നെ,

ടൂർ ഗൈഡ് ഒരു റഷ്യൻ പെൺകുട്ടിയാണ്, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്, ബുക്കിംഗ് ലിസ്റ്റിൽ എൻറെ പേര് ഉണ്ടെന്നു ഉറപ്പുവരുത്തി ടൂർ ഗൈഡ് എനിക്കൊരു കാർഡ് നൽകി, അത് അവരുടെ കമ്പനിയുടെ ഒരു ഓഫർ കാർഡ് ആണ് ,, അപ്പോഴും ആൾകാർ വന്നുകൊണ്ടിരിക്കുന്നുണ്ട് ,, ഇനിയും പത്തു പതിനഞ്ചു മിനിട്ടുണ്ട് യാത്ര തുടങ്ങാൻ, എനിക്കാണെങ്കിൽ നന്നായി വിശക്കുന്നുമുണ്ട് ,,

അടുത്തെങ്ങാനും വല്ലതും കഴിക്കാൻ കിട്ടുമോ എന്നതായി എൻറെ ചിന്ത, നേരെ മുന്നിൽ കാണുന്ന പാർക്കിൽ ഒരു റെസ്റ്റോറന്റ് ഉണ്ട് പക്ഷെ അത് തുറന്നിട്ടില്ല, കുറച്ചു മുന്നോട്ടു നടന്നു അവിടെ ചെറിയ പെട്ടിക്കട കണ്ടു, പെട്ടിക്കടയാണെങ്കിലും സിഗരറ്റും, മദ്യവും തുടങ്ങി ചോക്ലേറ്റും കെയ്ക്കും, ബേക്കറി വിഭവങ്ങളും ഒക്കെ ഉണ്ട്,

ഞാൻ ഒരു കോഫി കൂടി കുടിക്കാം എന്നുറപ്പിച്ചു കൂടെ രണ്ടു 'പിരോഷ്‌കി' യും ഓർഡർ ചെയ്തു, പിരോഷ്‌കി എന്നത് എൻറെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്, സാധാരണ മധേഷ്യൻ രാജ്യ യാത്രകളിൽ മിക്കപ്പോഴും പിരോഷ്‌കി യാണ് പ്രാതലിനു വിധേയമാകാറുള്ളത്, പിരോഷ്‌കി സാധാരണയായി ലഭിക്കുന്ന ഒരു റഷ്യൻ വിഭവമാണ് , പേരുകേട്ട് പേടിക്കേണ്ട ആവശ്യമൊന്നുമില്ല, ആൾ സസ്യ വിഭവവും രുചിയുള്ള ഒരു ലഖു ഭക്ഷണവുമാണ്,

വെറും  ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചു നിറച്ചു ബേക്ക് ചെയ്തെടുത്ത ഒരു സ്‌നാക് ആണ് പിരോഷ്‌കി, നമ്മുടെ നാട്ടിലെ പഫ്‌സ് പോലെയിരിക്കും എന്നാൽ അതിനേക്കാൾ സോഫ്റ്റാണ്

ഒരു പിരോഷ്‌കി പൊതിഞ്ഞു ബാഗിലിട്ടു എന്നിട്ടു ഒരു കൈയിൽ കോഫിയും മറുകൈയിൽ നാപ്കിനിൽ പൊതിഞ്ഞ അവശേഷിച്ച  പിരോഷ്‌കിയും പിടിച്ചു ഞാൻ ബസിനടുത്തേയ്ക്കു ചെന്നു, അപ്പോഴേയ്ക്കും ആളുകൾ ബസുകളിലേയ്ക്ക് കയറി ഇരുപ്പായി, ഞാനും കയറി സൗകര്യമായ ഒരു സീറ്റിൽ ഇരുന്നു,

കൂടെ യുള്ള യാത്രികരിൽ ഭൂരിഭാഗവും പ്രായം ചെന്നവരാണ് ജർമനിയിൽ നിന്നുള്ള ഒരു ഗ്രൂപ്പും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ചിലരും പിന്നെ ഇന്ത്യയിൽ നിന്ന് ഞാനും

യാത്രതുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ നമ്മൾ യെരെവാൻ  സിറ്റി യുടെ പുറത്തെത്തി പിന്നീടുള്ള യാത്ര നയനമനോഹരമായ പച്ചപ്പരവതാനി വിരിച്ച താഴ്‌വരകളിലൂടെയും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന മുന്തിരി പാടങ്ങൾ നിറഞ്ഞ കാർഷിക ഗ്രാമങ്ങളിലൂടെയും ആയിരുന്നു ,, ആദ്യ ഒരു മണിക്കൂർ കഴിഞ്ഞതോടെ മനുഷ്യ വാസമുള്ള സ്ഥലങ്ങൾ കാഴ്ചയ്ക്കപ്പുറമായി,, പിന്നെ പ്രകൃതി രമണീയമായ മലോയരങ്ങളും, താഴ്വരകളും മാത്രമായി അതോടൊപ്പം ആകാശത്തു വരച്ചിട്ട ചിത്രം പോലെ എപ്പോഴും കണ്മുന്നിൽ കാണാവുന്ന "അരാരത്" പർവ്വതമെന്ന അർമേനിയക്കാരന്റെ പരിശുദ്ധ ഹിമ ശ്രിംഗം കാഴ്ച്ചയിൽ നിന്നും മാറി മറഞ്ഞു.

ഉച്ചയോടെ തതെവിൽ എത്തി, വണ്ടിയിൽ നിന്നും ഇറങ്ങിയെത്തിയത് "വിങ്‌സ് ഓഫ് തതേവ്" എന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ നോൺസ്റ്റോപ് ഡബിൾ ലൈൻ കേബിൾ കാർ സ്റ്റേഷനിലേക്കാണ്, അവിടെനിന്നും കേബിൾ കാറിൽ കയറി തതേവ് മൊണാസ്ട്രിയിലേയ്ക്ക് യാത്രയായി

പ്രൗഢ ഗംഭീരമായ തതേവ് മൊണാസ്ട്രിയും കണ്ടു തിരിച്ചു കേബിൾ കാറിൽ കയറി ഡിപ്പാർച്ചർ പോയിന്റിലെത്തി

ഇനി തിരികെ യാത്രയാണ്, അതിനിടയിൽ ടൂർ ഗൈഡ് ചോദിച്ചു, നമ്മൾ തിരിച്ചു പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടവും വൈനറിയും ഉണ്ട് ഒന്നുകിൽ ഇതുരണ്ടും കാണാം അല്ലെങ്കിൽ "ഖണ്ഡസോർസ്‌ക്" ഉം "സോറട്സ്  കരർ" ഉം കാണാം

ആദ്യം പറഞ്ഞത് രണ്ടും എനിക്ക് മനസ്സിലായി പക്ഷെ രണ്ടാമത് പറഞ്ഞ പേരുകൾ കേട്ടിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല

അപ്പോഴേയ്ക്കും എൻറെ സഹയാത്രികർ രണ്ടാം ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു, ഒന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്ന ഞാൻ എന്തും വരട്ടെ എന്ന ഭാവത്തിൽ തലകുലുക്കി നെഞ്ചും വിരിച്ചിരിന്നു.

യാത്രയ്ക്കിടയിൽ വഴിയോര റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം ഒക്കെ കഴിച്ചിരുന്നു എങ്കിലും ആ കാര്യങ്ങൾ ഞാൻ വിശദീകരിക്കുന്നില്ല, വർഷങ്ങളായുള്ള മധ്യേഷ്യൻ യാത്രകളും ടൂറിസവുമൊക്കെ അവിടുത്തെ ഭക്ഷണവുമായി ഇഴുകിച്ചേരാൻ എനിക്ക് സഹായകമായി , അല്ലെങ്കിൽ തന്നെ കപ്പയും മീൻകറിയും സാമ്പാറുമൊക്കെ ഉച്ചയൂണിനു നിർബന്ധം വേണം എന്ന ശീലമൊന്നും എനിക്ക് പണ്ടേയില്ല,

കിർഗിസ്ഥാൻ, കസാഖ്സ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങി മധ്യേഷ്യൻ രാജ്യങ്ങളിലെ ജീവിതവും യാത്രയും ഒക്കെ ആസ്വാദനത്തിനേക്കാൾ ജീവൻ നിലനിർത്താൻ ഉള്ള ഒരു ഉപാധിയായി മാത്രം ഭക്ഷണത്തെ സമീപിക്കാൻ എന്നെ പഠിപ്പിച്ചു,

എന്നാലും എവിടെയൊക്കെ യാത്ര ചെയ്യുന്നോ അവിടെയൊക്കെ യുള്ള തനതായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച് കഴിക്കാനും അവയൊക്കെ ഇഷ്ടപ്പെടാനും എനിക്ക് സാധിക്കാറുണ്ട്...

ഇപ്പോൾ നമ്മുടെ ബസ്സു ,,  ടാർ റോഡിൽ നിന്നും മാറി മൺപാതയിലൂടെയായി ഓട്ടം,

കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഒരു വശത്തായി താഴേയ്ക്ക് കുത്തനെ ഇറങ്ങുന്ന താഴ്വരയും അതിനപ്പുറത്തായി മലനിരകളും കാണാൻ തുടങ്ങി, പക്ഷെ ആദ്യം ശ്രദ്ധിച്ചില്ല എങ്കിലും പതിയെ പതിയെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു , താഴ്വരയ്ക്കപ്പുറം കാണുന്ന മലകളിലെല്ലാം ഗുഹകൾ പോലെ ദ്വാരങ്ങൾ കാണാം, ഒന്നോ രണ്ടോ ദ്വാരങ്ങളല്ല നൂറുകണക്കിന് ഗുഹകൾ, എന്താണ് സംഭവം എന്ന് മനസിലായില്ല,, അപ്പോഴേയ്ക്കും കൂടുതൽ കൂടുതൽ മലകൾ കാണാൻ തുടങ്ങി അവയിലെല്ലാം ഇതേ ഗുഹകൾ,

ഒടുവിൽ നമ്മുടെ ബസ് താഴ്വരയുടെ ഒരറ്റത്തായി പാർക്കിംഗ് ഏരിയയിൽ എത്തി നിർത്തി, പാർക്കിംഗ് ഏരിയയോട് ചേർന്ന് ചെറിയ റെസ്റ്റോറന്റുകളും ടോയ്‌ലറ്റ് സംവിധാനവും ഒക്കെ യുണ്ട് , അവിടെനിന്നും താഴേയ്ക്ക് നടക്കാൻ കുത്തനെ പടികൾ വെച്ച പടവുകളും

പടവുകളിൽ ചിലതു കല്ലുപാകിയതാണ്, ചിലതു മരം കൊണ്ടും ചിലതു ഇരുമ്പുകൊണ്ടും , എന്തായാലും നല്ല താഴ്ചയുണ്ട് , പടവുകൾ താഴവരയുടെ ഇറക്കത്തിന്റെ പകുതിയിൽ അവസാനിക്കും അവിടെനിന്നു അപ്പുറത്തുള്ള മലയിലേക്കു ഒരു തൂക്കുപാലം ഉണ്ട്

പടികൾ ശ്രദ്ധയോടെ ഇറങ്ങുമ്പോഴും എൻറെ കണ്ണുകൾ അപ്പുറത്തു കാണുന്ന മലനിരകളിലാണ്, എനിക്ക് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ മലകളിലെല്ലാം നൂറു കണക്കിന് ഗുഹകൾ,

ആയാസപ്പെട്ട് സമയമെടുത്ത് പടികൾ ഇറങ്ങി തൂക്കുപാലത്തിനടുത്തെത്തി അപ്പോഴതാ തൂക്കുപാലം തുടങ്ങുന്നിടത്തു ഞങ്ങൾ നിൽക്കുന്ന ഭാഗത്തായി ഒരു ഗുഹ, ഗൈഡ് ഞങ്ങളെയെല്ലാം വിളിച്ചു ആ ഗുഹയിലേക്ക് കയറി, അതുവരെ ഞാൻ വിചാരിച്ചതു ഈ ഗുഹകൾ ആദിമ മനുഷ്യരുടേതായിരിക്കും എന്നാണ് ,, പക്ഷെ ഗുഹക്കകത്തു കടന്ന ഞാൻ ശരിക്കും ഞെട്ടി ,, ഗുഹയിൽ ഒരു പരിഷ്‌കൃത മനുഷ്യ കുടുംബത്തിൽ ഇന്ന് കാണാൻ സാധിക്കുന്ന ഫർണിച്ചറുകൾ ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ പലതും, ,, വൈദ്യുതി ഇല്ലാത്ത കാലത്തു നമ്മുടെ നാട്ടിൽ ആളുകൾ എങ്ങനെ ജീവിച്ചോ അതുപോലെ ഒരു കുടുംബത്തിന് വേണ്ടതെല്ലാം ആ കുഞ്ഞു ഗുഹയിൽ ഞാൻ കണ്ടു

അപ്പോഴാണ് അറിയുന്നത് അർമേനിയയിലെ ഈ ഗുഹാ ഗ്രാമം ഇരുപതാം നൂറ്റാണ്ടുവരെ ജനങ്ങൾ വസിച്ചിരുന്ന വികസിതമായ ഒരു ഗ്രാമം തന്നെയായിരുന്നു,

തൂക്കുപാലം കടന്നു മലനിരകളിൽ എത്തുമ്പോൾ ആ ഗ്രാമത്തിലെ ജീവിതത്തെ കുറിച്ചും കടന്നുകയറ്റക്കാരെ എതിർത്ത് തോൽപിക്കാൻ സ്വന്തം ഭർത്താക്കന്മാരോടൊപ്പം തോളോട് തോൾചേർന്നു യുദ്ധം ചെയ്ത ആ ഗ്രാമത്തിലെ സ്ത്രീകളെ കുറിച്ചും , അവർ തിരിച്ചു വരുന്നതും കാത്തു ഗുഹകളിൽ ഉറങ്ങുന്ന കുഞ്ഞുങ്ങളെക്കുറിച്ചും,

അവർക്കു പ്രാർഥിക്കാൻ നിർമിച്ച പള്ളിയും, പള്ളിയിലേക്കുള്ള നടപ്പാതയിൽ അടക്കിയിരിക്കുന്ന ഗ്രാമ മുഖ്യൻ മാരുടെ ശവക്കല്ലറകളും, പുതു തലമുറ മണ്ണിൽ പുതഞ്ഞ ഞങ്ങളുടെ ശവങ്ങൾക്കു മുകളിലൂടെ തന്നെ നടക്കണം എന്നും ശാഠ്യം പിടിച്ച ആ ഗ്രാമത്തിന്റെ ചരിത്ര പുരുഷന്മാരും ഒക്കെ ചേർന്ന് ആശ്ചര്യം വിട്ടുമാറാതെ അത്ഭുതത്തോടെ ആ കഥകൾ കേട്ട് ഞങ്ങൾ തിരിച്ചു നടന്നു.

യെരെവാനിൽ  തിരിച്ചെത്തി അപ്പാർട് മെൻറ്റിൽ വന്നു ഉറങ്ങാൻ കിടക്കുമ്പോഴും വാനോളം ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ മലനിരകളും അതിൽ നിറയെ തുരന്നു നിർമിച്ച ഗുഹകളും, അവിടെ ജീവിച്ച ജനതയും അവർ മല്ലിട്ട ജീവിതവും, ഒരു അനിമേറ്റഡ് ഹോളിവുഡ് മൂവിയിൽ കാണുന്ന രംഗങ്ങൾ പോലെ എൻറെ ഉള്ളിലൂടെ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു ...!!